റമദാൻ ആനന്ദത്തിൽ ഇമാറാത്ത്
text_fieldsദുബൈ: റമദാൻ പിറന്നതോടെ രാജ്യമെങ്ങും ആത്മീയതയുടെ ആനന്ദക്കാഴ്ചകളാണ്. വീടുകളും തെരുവുകളും പള്ളികളും സ്കൂളുകളുമെല്ലാം റമദാനിന്റെ ആഹ്ലാദത്തെ ചേർത്തുപിടിക്കുകയാണ്. യു.എ.ഇയിൽ ഹഖ് അൽ-ലൈല എന്നറിയപ്പെടുന്ന ശഅബാൻ മധ്യത്തിലെ രാത്രിയോടെയാണ് റമദാൻ ആഘോഷങ്ങളും ഒരുക്കങ്ങളും ആരംഭിക്കുന്നത്. റമദാന്റെ അന്തരീക്ഷവുമായി ഇഴചേർന്ന വിനോദം, ആത്മീയം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയാൽ ഈ മാസം നിറഞ്ഞിരിക്കുന്നു. ഹഖ് അൽ-ലൈല യു.എ.ഇയുടെ സ്നേഹവും ലാളനയും ഭക്തിയും നിറഞ്ഞലിഞ്ഞ പ്രിയപ്പെട്ട പാരമ്പരാഗത ചൈതന്യമാണ്. കുട്ടികൾ വർണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് അയൽപക്കങ്ങളിലെ വീടുകൾതോറും കയറിയിറങ്ങി നാടൻ പാട്ടുകൾ പാടുകയും അയൽക്കാരിൽ നിന്ന് മധുരപലഹാരങ്ങളും ട്രീറ്റുകളും സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ചകൾ ഈ രാത്രിയിൽ കാണാം.
റമദാൻ മാസത്തിൽ ഭക്ഷണ കാര്യത്തിൽ ഇമാറാത്തികൾ അടിമുടിമാറും. പൈതൃകത്തിലേക്ക് തിരിച്ചുപ്പോയി ബദുവിയൻ സംസ്കൃതിയെ കൊണ്ടുവരും. ആധുനികതയിൽ നിന്ന് അവനവനിലേക്കുള്ള തീർഥയാത്രയാണത്. കറുവപ്പട്ട, കുങ്കുമം, മഞ്ഞൾ, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതമാണ് ഇമാറാത്തി പാചകരീതി. വിവിധ തരം, വലുപ്പത്തിലുള്ള മത്സ്യങ്ങൾ പാചകം ചെയ്യുന്നതിൽ ഇമാറാത്തികൾ പ്രശസ്തരാണ്. യു.എ.ഇയിൽ വ്യാപകമായി ലഭ്യമാകുന്ന ഈത്തപ്പഴം, അൽ-ബതീത്ത്, മദ്ബസ് തുടങ്ങിയ വിവിധ തരം മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട മധുരപലഹാരങ്ങളിൽ ലുഖൈമാത്ത്, ആസിദ, അൽ-ഖാൻഫറൂഷ്, അൽ-ഖർസ് അൽ-അഖിലി എന്നിവ ഉൾപ്പെടുന്നു.ജീവിതത്തിന്റെ വിവിധ വശങ്ങളിൽ സംഭവിച്ച മാറ്റങ്ങളും വികാസങ്ങളും ഉണ്ടായിരുന്നിട്ടും, പല കുടുംബങ്ങളും ഇപ്പോഴും ഇഫ്താറിന്റെയും അത്താഴത്തിന്റെയും ആചാരങ്ങൾ പാലിക്കുന്നു. സൂര്യൻ സൂര്യാസ്തമയത്തോട് അടുക്കുമ്പോൾ, കുടുംബാംഗങ്ങൾ മേശക്ക് ചുറ്റും ഒത്തുകൂടി, മഗ്രിബ് പ്രാർഥനക്കുള്ള വിളിക്കായി കാത്തിരിക്കും. കുടുംബങ്ങൾ ഈത്തപ്പഴത്തിനും പാലിനും ശേഷം ആദ്യം കഴിക്കാൻ ഇഷ്ടപ്പെടുന്നത് ജനപ്രിയ പരമ്പരാഗത വിഭവമായ ഹരീസാണ്, ഇത് റമദാൻ മാസത്തിൽ സ്വദേശി മേശയിലെ പ്രധാന വിഭവമാണ്.
യു.എ.ഇയിലെ പ്രധാന ഭക്ഷണങ്ങളിൽ അരി, മത്സ്യം, മാംസം എന്നിവ ഉൾപ്പെടുന്നു. റമദാൻ മേശകളിലെ ഏറ്റവും ജനപ്രിയമായ വിഭവങ്ങളിൽ ഹരീസ്, തരീദ്, ബിരിയാണി, മച്ച്ബൂസ്, ലുഖൈമാത്ത് എന്നിവ ഉൾപ്പെടുന്നു. യു.എ.ഇയിൽ ഇഫ്താർ വിരുന്നിനിടെ പ്രത്യേകിച്ചും പ്രചാരത്തിലുള്ള പാനീയങ്ങൾ, അറബിക് കോഫി, കടക് ചായ, ജല്ലാബ്, ഖമർ അൽ-ദിൻ, വിംതോ എന്നിവയാണ്. മധ്യപൂർവദേശത്തിന്റെ ഇഫ്താർ വിഭവങ്ങളിലെ സ്വാദൂറും അറബ് രുചികളിലൊന്നാണ് ഫ്രൂട്ട് സിറപ്പ് ആയ ജല്ലാബ്. ഫലസ്തീൻ, സിറിയ, ജോർഡൻ, ലബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ജല്ലാബിന്റെ വരവെങ്കിലും ഇമാറാത്തിന്റെ ഇഫ്താർ വിഭവങ്ങളിലും ജല്ലാബ് ഇഷ്ടതാരമാണ്. ഈന്തപ്പഴം, മുന്തിരി, കരോബ് എന്നിവയുടെ സത്ത് ഉപയോഗിച്ചാണ് ജല്ലാബ് സിറപ്പ് തയാറാക്കുന്നത്. മെഡിറ്ററേനിയൻ ദേശത്തെ പയർ വർഗത്തിൽപ്പെട്ട ഒന്നാണ് കരോബ്. റോസ് വാട്ടർ ആണ് മറ്റൊരു പ്രധാന ചേരുവ. ജല്ലാബ് തയാറാക്കി അതിനു മുകളിൽ ഐസ് കഷണങ്ങളും പൈൻ വിത്തുകളും, ഉണക്കമുന്തിരിയുമിട്ട് അലങ്കരിക്കും. വേനൽക്കാലത്തെ മണിക്കൂറുകൾ നീണ്ട നോമ്പിന് ശേഷം ഉന്മേഷം പകരുന്ന രുചികരമായ പാനീയം തന്നെയാണ് ജല്ലാബ്. പഴച്ചാറിനൊപ്പം തണുത്ത ഐസും പൈൻ വിത്തുകളും ഉണക്കമുന്തിരിയും യോജിപ്പിക്കുമ്പോൾ ലഭിക്കുന്ന രുചി കുടിച്ചു തന്നെ അറിയണം. സ്വദേശികൾക്കിടയിൽ മാത്രമല്ല പ്രവാസി രുചികളിലും ജല്ലാബ് ഇടംപിടിച്ചിട്ടുണ്ട്. ജല്ലാബ് സിറപ്പ് സൂപ്പർമാർക്കറ്റുകളിൽ ലഭിക്കും. അത്തിപ്പഴത്തിൽ നിന്നാണ് ഖമർ അൽ ദീൻ ഉറവയെടുക്കുന്നത്. സിറിയ ആണ് ജൻമദേശം.
വ്യത്യസ്ത ദേശീയതകൾ, സംസ്കാരങ്ങൾ, സാമൂഹിക പശ്ചാത്തലങ്ങൾ എന്നിവയിൽ നിന്നുള്ള മനുഷ്യരെ ഇഫ്താർ മേശയിൽ ഒരുമിച്ച് കൊണ്ടുവരുന്നതിനായി യു.എ.ഇ സർക്കാർ ഇഫ്താർ വിരുന്നുകളും കാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതിനുമാത്രമായി ശീതീകരിച്ച കൂറ്റൻ കൂടാരങ്ങൾ തീർക്കാറുമുണ്ട്. അബൂദബിയിലെ ‘നമ്മുടെ നോമ്പ് അതിഥികൾ’ എന്ന പദ്ധതി വർഷം തോറും ശൈഖ് സായിദ് പള്ളിയിൽ നടക്കുന്നു. അബൂദബിയിലെ ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബുമായി സഹകരിച്ച് നോമ്പെടുക്കുന്ന വ്യക്തികൾക്ക് അത്താഴം നൽകുന്ന സംരംഭമാണിത്. ദുബൈയിൽ, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് പള്ളികളിൽ ഖുർആൻ പാരായണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രഭാഷണങ്ങൾ, മതപഠനങ്ങൾ, ഖുർആൻ വായനകൾ, ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് പോലുള്ള മത്സരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പരമ്പരാഗതമായി കൊണ്ടുനടക്കുന്നതാണ് റമദാനിലെ ഇഫ്താർ സമയം അറിയിച്ചുള്ള പിരങ്കി മുഴക്കം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ സമ്പ്രദായം ഇന്നും തുടരുകയാണ് യു.എ.ഇ. അതീവ സുരക്ഷയിലാണ് പിരങ്കികൾ പൊട്ടിക്കുന്നത്. ഇത് കാണാനായി മാത്രം നിരവധി പേർ എത്താറുണ്ട്.