ഇത്തിഹാദ് റെയിൽ നിർമാണം; ഷാർജ യൂനിവേഴ്‌സിറ്റി ബ്രിഡ്ജ് പരിസരത്ത് ഒക്ടോബർ അഞ്ചുവരെ ഗതാഗത നിയന്ത്രണം
text_fieldsഷാർജ: ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജ യൂനിവേഴ്‌സിറ്റി ബ്രിഡ്ജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നിർമാണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ വരുന്ന ഒക്ടോബർ അഞ്ചുവരെ ഈ നിയന്ത്രണങ്ങൾ തുടരും.
ഇതിന്‍റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ 17ൽ നിന്ന് തുടങ്ങി യൂനിവേഴ്‌സിറ്റി ബ്രിഡ്ജ് വഴി യൂനിവേഴ്‌സിറ്റി സിറ്റി വരെയുള്ള റോഡിൽ ഇരുവശങ്ങളിലേക്കും രണ്ട് ലെയ്ൻ വീതം ഗതാഗതത്തിനായി ഭാഗികമായി തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ, ആഗസ്റ്റ് 26 മുതൽ ഇൻഡസ്ട്രിയൽ ഏരിയ 17ൽനിന്ന് മലീഹ റോഡിലേക്ക് പോകുന്ന വഴിയിൽ ഭാഗികമായി റോഡ് അടച്ചിടും.
ഷാർജ ഇംഗ്ലീഷ് സ്കൂൾ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹന ഉടമകൾ അതോറിറ്റി നിർദേശിച്ചിട്ടുള്ള ബദൽ വഴികൾ വേണം ഉപയോഗിക്കാൻ. യാത്രക്കാർ റോഡിലെ ദിശാസൂചകങ്ങളും സുരക്ഷാ ബോർഡുകളും കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.


