അഭ്യാസ പ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
text_fieldsഅബൂദബി പൊലീസ് പിടിച്ചെടുത്ത വാഹനം
അബൂദബി: സഫര്‍ ജില്ലയിലെ ലിവയില്‍ പൊതു സുരക്ഷ അപകടത്തിലാക്കും വിധം അഭ്യാസ പ്രകടനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്ത് അബൂദബി പൊലീസ്. പൊലീസ് പട്രോള്‍ സംഘത്തെ കണ്ട് പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ അഴിച്ചുവെച്ചാണ് ഇവര്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസം കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. സഫര്‍ മേഖലയിലെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ വകുപ്പും സ്‌പെഷ്യല്‍ പട്രോള്‍ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി നടത്തിയ നീക്കത്തിലാണ് നിയമലംഘകരെ പിടികൂടിയത്.
സമൂഹത്തിന്റെ സുരക്ഷയാണ് അബൂദബി പൊലീസിന്റെ മുന്‍ഗണനയെന്ന് സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് ദാഹി അല്‍ ഹമീരി പറഞ്ഞു. അലക്ഷ്യമായ ഡ്രൈവിങാണ് അപകടങ്ങളുടെ പ്രധാനകാരണമെന്നും ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ പെരുമാറ്റം ശ്രദ്ധിക്കണമെന്നും ഉത്തരവാദിത്വ ഡ്രൈവിങിനെ പ്രോല്‍സാഹിപ്പിക്കണമെന്നും മാതാപിതാക്കളോട് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ മഹ്‌മൂദ് യൂസുഫ് അല്‍ ബലൂഷി ആവശ്യപ്പെട്ടു.അപകടകരമായ ഡ്രൈവിങ് ശ്രദ്ധയില്‍പെട്ടാല്‍ ടോള്‍ഫ്രീ നമ്പരായ 8002626 ല്‍ വിളിച്ചോ 2828 നമ്പരില്‍ എസ്.എം.എസ് അയച്ചോ അറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.