വ്യാജ ടോൾ സന്ദേശം; ജാഗ്രത പാലിക്കണമെന്ന് റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: വാഹന ടോള്‍ ഫീസ് കുടിശ്ശികയുണ്ടെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്ന് റാക് പൊലീസ്.ടോള്‍ പണം അടച്ചില്ലെന്നും നിശ്ചിത തീയതിക്ക് അടച്ചില്ലെങ്കില്‍ പിഴ കൂടി അടക്കേണ്ടി വരുമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അടുത്തിടെ വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അറിയിപ്പുകളെ അനുകരിച്ച് എസ്.എം.എസ്, ഇന്‍സ്റ്റഗ്രാം മെസേജുകള്‍ തയാറാക്കിയാണ് തട്ടിപ്പുകാരുടെ പ്രവര്‍ത്തനം.
ഇതിനൊപ്പം ചേര്‍ക്കുന്ന ലിങ്കുകള്‍ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈക്കലാക്കി പണം തട്ടാനുള്ള വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. പരിചിതരല്ലാത്തവരില് നിന്നുള്ള സന്ദേശങ്ങള്‍ അവഗണിക്കണം, സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്, ഗതാഗത-ടോള്‍ സംബന്ധമായ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് അംഗീകൃത സര്‍ക്കാര്‍ ചാനലുകളെ മാത്രം ആശ്രയിക്കുക, സർവവിധ പണമിടപാടുകളും അംഗീകൃത ആപ്പുകള്‍, ഔദ്യോഗിക പൊലീസ് വെബ് സൈറ്റുകള്‍, അംഗീകൃത സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവ വഴി നടത്തുക, സംശയകരമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ നിർദേശിക്കുന്നു.


