സാമ്പത്തികത്തട്ടിപ്പ് കേസ്; അടിസ്ഥാനരഹിതം -മെന്റലിസ്റ്റ് ആദി
text_fieldsദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മെന്റലിസ്റ്റ് ആദി സംസാരിക്കുന്നു
ദുബൈ: മെന്റലിസം ഷോയുടെ പേരില്‍ കൊച്ചി സ്വദേശിയില്‍നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ യാഥാർഥ്യം മനസ്സിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് മെന്റലിസ്റ്റ് ആദി. അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു അത്. ഷോയുടെ ഒരുവര്‍ഷത്തെ നിർമാണക്കരാര്‍ എക്സ്ക്ലൂസിവായി നല്‍കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് കൊച്ചി സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ആദി പറഞ്ഞു.
ഇൻസോംനിയ എന്ന പേരിൽ ഫെബ്രുവരി ഏഴിന് അബൂദബിയിലും എട്ടിന് ദുബൈയിലും നടക്കുന്ന മെന്റലിസ്റ്റ് ഷോയുമായി ബന്ധപ്പെട്ട് ദുബൈയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ആദി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. തന്റെ ഷോയുടെ ആഗോള കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് ഒരുവർഷത്തേക്ക് എക്സ്ക്ലൂസീവായ കരാര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത്. പത്ത് ഷോകളില്‍ നിക്ഷേപമിറക്കാൻ താല്പര്യം അറിയിച്ചാണ് ആദ്യം പരാതിക്കാരന് സമീപിച്ചത്.
എന്നാല്‍, അത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അവർക്ക് കഴിഞ്ഞില്ല. പരിപാടിക്കായി ഒരു സ്പോണ്‍സര്‍ഷിപ്പ് പോലും കണ്ടെത്താനുമായില്ല. പത്ത് പരിപാടികൾ കഴിഞ്ഞതോടെ ഷോ വലിയ ഹിറ്റായി എന്നത് സത്യമാണ്. പിന്നാലെയാണ് ഒരുവര്‍ഷത്തെ കരാര്‍ വേണമെന്ന ആവശ്യം അവർ ഉന്നയിച്ചത്. ലാഭമായാലും നഷ്ടമായാലും സഹിക്കാന്‍ നിര്‍മാതാവിന് ബാധ്യതയുണ്ട്. എങ്കിലും പണം തിരിച്ചുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നിലനില്‍ക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പരാതിക്കാരന് കേസ് പിന്‍വലിച്ചത്. നിലവില്‍ ഇതുസംബന്ധിച്ച് ഒരു കേസും നിലവിലില്ലെന്നും ആദി പറഞ്ഞു. ഫെബ്രുവരി ഏഴിന് രാത്രി ഏഴരക്ക് അബൂദബി നാഷനൽ തിയറ്ററിലാണ് ആദ്യ പരിപാടി.
ഞായറാഴ്ച ദുബൈയിൽ രാവിലെയും ഉച്ചക്കുമായി രണ്ട് പ്രോഗ്രാമുകളാണ് സംഘടിപ്പിക്കുന്നത്. രണ്ട് പരിപാടിയുടെയും ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതായി സംഘാടകർ അറിയിച്ചു. എഫ്.എം.എഫ് ഇവന്റ്സ് സി.ഇ.ഒ കെ.പി. നസ്മല്‍, രാജമൂര്‍ത്തി, നിക്കായ് വൈസ് പ്രസിഡന്റ് കാര്‍ത്തിക് മൂര്‍ത്തി, നിക്കായ് മാര്‍ക്കറ്റിങ് ഹെഡ് അഭിലാഷ് മാത്യു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


