ഗള്‍ഫ് ന്യൂസ് മുന്‍ ഫോട്ടോഗ്രാഫര്‍ എം.കെ. അബ്ദുല്‍ റഹ്മാന് നിര്യാതനായി
text_fieldsഅബൂദബി: ദീര്‍ഘകാലം ഗള്‍ഫ് ന്യൂസിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവര്ത്തകന് എം.കെ.അബ്ദുർറഹ്മാന്‍ മണ്ടായപ്പുറത്ത് (70) ഹൃദയാഘാതം മൂലം അബൂദബിയില്‍ നിര്യാതനായി. തൃശൂര്‍ എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദര്‍ ഹാജിയുടെ മകനാണ്.
നാല്‍പ്പത് വര്‍ഷത്തോളം യു.എ.ഇയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ടു മാസമായി അബൂദബിയില്‍ സന്ദര്‍ശന വിസയില്‍ ഉണ്ടായിരുന്ന അദ്ദേഹം അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. 1982 ആഗസ്റ്റ് എട്ടിനാണ് ഗള്‍ഫ് ന്യൂസിന്റെ അബൂദബി ഓഫിസില്‍ ഫോട്ടോഗ്രാഫറായി ഔദ്യോഗിക സേവനം ആരംഭിക്കുന്നത്. 38 വര്‍ഷം ഇവിടെ ജോലി ചെയ്തു.
ആലുവ താമരശേരി കുടുംബാംഗമായ നസീമയാണ് ഭാര്യ. അബൂദബിയിലെ ഊര്‍ജ-വൈദ്യുതി കമ്പനിയായ തഖ ഗ്രൂപ്പ് സ്ട്രാറ്റജി ആന്‍ഡ് എനര്‍ജി ട്രാന്സിഷന് ഡിവിഷന് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഫാസില്‍ അബ്ദുല്‍ റഹ്മാന്, ഫാഇസ (ഖത്തര്‍) എന്നിവരാണ് മക്കള്‍. ഷിഫാന (അബൂദബി), ഷെഹീന്‍ (ഖത്തര്‍) എന്നിവര്‍ മരുമക്കള്‍. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കും വ്യാഴാഴ്ച അസര്‍ നമസ്കാരാനന്തരം അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.