ഓൺലൈൻ യോഗങ്ങളിൽ തട്ടിപ്പുകാർ നുഴഞ്ഞുകയറാൻ സാധ്യത
text_fieldsഅബൂദബി: ശക്തമായ പാസ്വേഡുകൾ നൽകുന്നതുൾപ്പെടെ സുരക്ഷ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഓൺലൈൻ യോഗങ്ങളിൽ സൈബർ തട്ടിപ്പുകാർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എ.ഇ സൈബർ സുരക്ഷ കൗൺസിൽ. സുരക്ഷ നടപടികൾ ദുർബലമായാൽ ഓൺലൈൻ യോഗങ്ങളിൽ കൈമാറുന്ന രഹസ്യരേഖകൾ മോഷ്ടിക്കപ്പെട്ടേക്കാം.
സുരക്ഷിതമല്ലാത്ത എല്ലാ ലിങ്കുകളും തട്ടിപ്പുകാർക്ക് ഓൺലൈൻ യോഗങ്ങളിൽ നുഴഞ്ഞുകയറാനുള്ള അവസരം നൽകലാണെന്നും നിങ്ങളറിയാതെ വിലപ്പെട്ട രേഖകൾ മോഷ്ടിക്കാൻ ഇത് വഴിവെക്കുമെന്നും സുരക്ഷ കൗൺസിൽ മുന്നറിയിപ്പു നൽകുന്നു.
ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് അനുമതിയോട് കൂടി മാത്രം പ്രവേശിക്കാൻ കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഒരുക്കുക, സുരക്ഷിതമായ പാസ്വേർഡുകൾ നിർമിക്കുക, പ്രവേശനം നൽകുന്നതിന് മുമ്പ് യോഗത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ പരിശോധിക്കുക എന്നീ നടപടികളിലൂടെ ഓൺലൈൻ യോഗങ്ങൾ സുരക്ഷിതമാക്കണമെന്ന് സ്ഥാപനങ്ങളോടും സംഘടനകളോടും കൗൺസിൽ അഭ്യർഥിച്ചു.
പൊതുവായ ഓൺലൈൻ ലിങ്കുകൾ ഉപയോഗിച്ച് സ്വകാര്യ യോഗങ്ങൾ നടത്തുന്നത് ഒഴിവാക്കണം. ഇത്തരം നടപടികൾ യോഗങ്ങളിലെ സംഭാഷണങ്ങൾ റെകോഡ് ചെയ്യാൻ തട്ടിപ്പുകാർക്ക് അവസരം നൽകും. ഓൺലൈൻ മീറ്റിങ്ങിനായുള്ള ലിങ്കുകൾ അയക്കുമ്പോൾ സൂക്ഷ്മത പാലിക്കുകയും ശക്തമായ സുരക്ഷ നടപടികൾ സ്വീകരിക്കുകയും വേണം.
യോഗ ശേഷം അതേ ലിങ്ക് വീണ്ടും ഉപയോഗിക്കുന്നത് അനധികൃത പ്രവേശത്തിന് അവസരം നൽകലാവും. ഓരോ സമയത്തും യോഗം ചേരുമ്പോൾ പുതിയ ലിങ്കുകളും പാസ്വേഡുകളും ഉപയോഗിക്കണം. കോവിഡ് 19 മൂലമുണ്ടായ ഡിജിറ്റൽ മാറ്റത്തിനിടെ ഇത്തരം ലംഘനങ്ങൾ സാധാരണമായിരുന്നെങ്കിലും ബോധവത്കരണത്തിലൂടെ ഇത് തടയാനാൻ കഴിഞ്ഞിരുന്നു. എങ്കിലും പൊതു, സ്വകാര്യ മീറ്റിങ്ങുകളെ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
പങ്കുവെക്കുന്ന ലിങ്കുകൾ കാരണമോ മീറ്റിങ് ഐഡികൾ ആവർത്തിക്കുന്നത് മൂലമോ ആണ് ഇത് സംഭവിക്കുന്നത്. യോഗങ്ങളുടെ രീതികൾ അനുസരിച്ചായിരിക്കും ചോർത്തപ്പെടുന്ന ഡാറ്റകളുടെ വ്യാപ്തി മനസ്സിലാകുക. തെറ്റായ ഇ-മെയിൽ വിലാസങ്ങളോ ഇൻബോക്സുകളോ ഉദ്ദേശിക്കാത്ത ചിലരിലേക്ക് ക്ഷണം പോകുന്നതിന് വഴിവെക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.