സ്വതന്ത്ര വ്യാപാര കരാർ; ഗൾഫ് രാജ്യങ്ങളുമായി ചർച്ച തുടരും -പിയൂഷ് ഗോയൽ
text_fieldsകേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: കൂടുതൽ ഗൾഫ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ ചർച്ച തുടരുകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. എന്നാൽ, ജി.സി.സി രാജ്യങ്ങളുമായി ഏകീകൃത കരാർ ഉദ്ദേശിക്കുന്നില്ല. ഒമാനുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കൂടുതൽ യു.എ.ഇ ബാങ്കുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മരുന്നുകൾ പരസ്പരം അംഗീകരിക്കാൻ ഫാർമസി കമ്പനികൾ യു.എ.ഇയിൽ ചർച്ച നടത്തി. ആരോഗ്യരംഗത്തെ കൂടുതൽ ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇയിലെത്തുമെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയുടെ അധിക തീരുവ മറികടക്കാൻ ഇന്ത്യ കുറുക്കുവഴികള്‍ തേടില്ല. അധിക തീരുവ മറികടക്കാൻ ഇന്ത്യൻ ഉൽപന്നങ്ങൾ ദുബൈയിൽ എത്തിച്ച് പുനർകയറ്റുമതിയുടെ സാധ്യത തേടുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ ഉൽപന്നങ്ങള് മറ്റൊരു രാജ്യത്തെത്തിച്ച് അവിടെനിന്ന് യു.എസിലേക്ക് കയറ്റുമതി ചെയ്യില്ല. ഇന്ത്യയില്‍നിന്ന് മാത്രമേ ഇന്ത്യൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യൂ. അധിക നികുതി ചുമത്തിയാല്‍ അത് നൽകുകയെന്നതാണ് ഇപ്പോഴത്തെ നിലപാട്.
ദുബൈ ജെബല്‍ അലി ഫ്രീ സോണില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന ഭാരത് മാര്‍ട്ട് 2027ല്‍ തുറക്കും. 9000 കമ്പനികള്‍ ഭാരത് മാര്‍ട്ടില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുനരുപയോഗ ഊര്‍ജം, കപ്പല്‍ നിര്‍മാണം, ഫാര്‍മസ്യൂട്ടിക്കല്‍, ലോജിസ്റ്റിക്സ്, റീട്ടെയ്ല്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട സഹകരണം സംബന്ധിച്ചും ചര്‍ച്ച നടന്നു. നിര്‍മാണം, ഡാറ്റ സെന്റേഴ്സ്, സാങ്കേതിക വിദ്യ, ബാങ്കിങ്, സ്റ്റാർട്ടപ്സ്, ലോജിസ്റ്റിക്സ്, ശുദ്ധോർജം തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിന് യു.എ.ഇയില്‍നിന്നുള്ള സംരംഭകര്‍ താല്പര്യം പ്രകടിപ്പിച്ചുവെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
രണ്ടുദിവസത്തെ യു.എ.ഇ സന്ദര്‍ശനം പൂർണവിജയമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യ, മത്സ്യബന്ധനം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട 75 പ്രതിനിധികളും കേന്ദ്രമന്ത്രിക്കൊപ്പം യു.എ.ഇയിലെത്തിയിരുന്നു.