സുഹൃത്തിന് ജാമ്യം നിന്നു; യാത്രവിലക്കിൽ ചികിത്സ മുടങ്ങി പ്രവാസി
text_fieldsയാത്ര മുടങ്ങിയതിനെ തുടര്‍ന്ന് സുമനസ്സുകളുടെ കാരുണ്യത്തില്‍ അജ്മാനില്‍ കഴിയുന്ന ഹനീഫ
അജ്മാന്: പണം കടം വാങ്ങാൻ സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിൽ ചികിത്സക്ക് നാട്ടിൽപോകാൻ പോലും കഴിയാതെ വലഞ്ഞ് അജ്മാനിലെ മലയാളി പ്രവാസി. തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശി ഹനീഫയാണ് ദുരിതത്തിലായത്. കൊല്ലം സ്വദേശിയായ സുഹൃത്തിന് സൂപ്പർമാർക്കറ്റ് നടത്തിപ്പിന് മുപ്പതിനായിരം ദിർഹം കടം വാങ്ങാനാണ് ഇദ്ദേഹവും മറ്റൊരാളും ജാമ്യം നിന്നത്. ഇദ്ദേഹത്തോടൊപ്പം ജാമ്യം നിന്ന വ്യക്തി നേരത്തേ നാട്ടിലേക്ക് പോയിരുന്നു. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇതൊന്നുമറിയാതെ ഇദ്ദേഹം നാട്ടിലേക്ക് യാത്രതിരിച്ചത്.
നാട്ടിലേക്ക് പുറപ്പെട്ട ഇദ്ദേഹം വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രാവിലക്കുണ്ടെന്ന വിവരം അറിയുന്നത്. സുഹൃത്ത് പണം തിരിച്ചടക്കാത്തതിനാൽ ജാമ്യം നിന്ന ഹനീഫക്കെതിരെ കേസുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ ഇദ്ദേഹത്തിന് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്. ഇനി കോടതി വഴി പിഴയടച്ചാൽ മാത്രമേ ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാനാവൂ. നാട്ടിൽ സ്വന്തമായി വീട് പോലുമില്ലാത്ത പ്രവാസിയാണ് ഹനീഫ.
ചികിത്സക്കായി വാടകക്ക് വീടെടുത്ത് മടങ്ങുമ്പോഴാണ് ജാമ്യം നിന്നതിന്റെ പേരിലെ യാത്രാവിലക്ക്. ഒപ്പമുണ്ടായിരുന്ന മകനെ വിമാനത്താവള അധികൃതർ നാട്ടിലേക്ക് പോകാൻ അനുവദിച്ചു. പക്ഷേ, ഏഴ് മാസം മുമ്പ് സൂപ്പർമാർക്കറ്റിൽ ജോലിക്ക് കയറിയ മകന് പിതാവിന്റെ ചികിത്സക്ക് ഒപ്പം പോകാൻ അവധി ചോദിച്ചതിന്റെ പേരിൽ ജോലി നഷ്ടമായെന്ന് ഇദ്ദേഹം പറയുന്നു. പിഴയടക്കാനും യാത്ര തുടരാൻ മറ്റൊരു ടിക്കറ്റെടുക്കാനും ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഹനീഫ. ഇപ്പോള്‍ മറ്റൊരു സുഹൃത്തിന്റെ കാരുണ്യത്തില്‍ അജ്മാനിലെ ഒരു ബെഡ് സ്പേസില്‍ കഴിയുകയാണ് ഇദ്ദേഹം. എത്രയും പെട്ടെന്ന് കേസിന്റെ കാര്യങ്ങള്‍ തീര്‍ക്കണം, നാട്ടിലെത്തി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച അടിയന്തര ചികിത്സ ലഭ്യമാക്കണം തുടങ്ങിയ ചിന്തകളുടെ ആകുലതകള്‍ പേറി ദിനങ്ങള്‍ തള്ളിനീക്കുകയാണ് ഈ പ്രവാസി.


