വികാരനിർഭരമായി വിടനൽകി പ്രവാസസമൂഹം; ഫുജൈറയുടെ മണ്ണിൽ അവർക്ക് അന്ത്യനിദ്ര
text_fieldsഫുജൈറ മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിന് എത്തിയവർ
ഫുജൈറ: വികാരനിർഭരമായ ആ അന്ത്യയാത്രയിൽ എമിറേറ്റിലെ പ്രവാസലോകം അവർക്ക് കണ്ണീരോടെ വിട നൽകി. ഫുജൈറയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ട ഇരട്ട സഹോദരങ്ങളുടെയും അവരുടെ സഹോദരീപുത്രെൻറയും ഖബറടക്കത്തിന് നൂറുകണക്കിനാളുകളാണ് സാക്ഷികളായത്. നാട്ടുകാരെയും പ്രവാസികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ ഈ അപകടം ഫുജൈറയിലെ ഇന്ത്യൻ സമൂഹത്തിന് വലിയ നൊമ്പരമായി മാറി. മലപ്പുറം വേങ്ങര സ്വദേശിയായ സിദ്ദീഖിെൻറ ഇരട്ടമക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21) എന്നിവരുടെയും മൂന്ന് വയസ്സുകാരനായ പേരക്കുട്ടി മുഹമ്മദ് ഫായിസിെൻറയും മൃതദേഹങ്ങളാണ് ഫുജൈറയിൽ ഖബറടക്കിയത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഫുജൈറ മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി മസ്ജിദിലായിരുന്നു മയ്യിത്ത് നമസ്കാരം. തുടർന്ന് ഫുജൈറ ഖബർസ്ഥാനിൽ നിരവധി പേരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ ഖബറടക്കി. പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിെൻറ വിവിധ തുറകളിലുള്ള ആയിരത്തോളം പേരാണ് പള്ളിയിലും ഖബർസ്ഥാനിലുമായി എത്തിച്ചേർന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിൽ അസ്മിലിെൻറയും മിസ്നയുടെയും മാതാവ് ആരിഫ, സഹോദരി ഫർസാന, ഫർസാനയുടെ 12 വയസ്സുള്ള മകൾ, ഒരു വയസ്സുള്ള മകൻ എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പിതാവ് സിദ്ദീഖ് വർഷങ്ങളായി ഫുജൈറയിൽ ഇവ കഫ്റ്റീരിയ നടത്തിവരികയാണ്. ഫുജൈറയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറെ സ്വീകാര്യനായ വ്യക്തിയാണ് സിദ്ദീഖ്. ഖബറടക്കത്തിന് മുമ്പായി ഫുജൈറ ആശുപത്രി മോർച്ചറിയിൽ വെച്ച് കുടുംബാംഗങ്ങൾക്ക് മൃതദേഹങ്ങൾ അവസാനമായി കാണാൻ അനുമതി നൽകിയിരുന്നു. കൈയിലും മുഖത്തുമൊക്കെ മുറിവുകളുമായി ഫർസാനയും മാതാവ് ആരിഫയും ബന്ധുക്കൾക്കൊപ്പം പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ മോർച്ചറിയിലെത്തിയ രംഗം കണ്ടുനിന്നവരെ കണ്ണീരണിയിച്ചു.
ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാനെത്തിയവരും കുടുംബത്തിെൻറ ദുഃഖത്തിൽ അനുശോചനം അറിയിക്കാനെത്തിയവരുമൊക്കെ സങ്കടക്കടലിലായിരുന്നു. ‘ഒരുപാടുകാലമായി എനിക്ക് ഈ കുടുംബത്തെ പരിചയമുണ്ട്. ഈ ദുരന്തം വിശ്വസിക്കാനേ കഴിയുന്നില്ല. സാധാരണ മറ്റൊരു പള്ളിയിലാണ് ഞാൻ ജുമുഅ നമസ്കരിക്കാൻ പോകാറ്. ഇന്ന് മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുന്നതിനായി ഈ പള്ളിയിലെത്തുകയായിരുന്നു’ -മസ്ജിദിലെത്തിയ സഈദ് പറഞ്ഞു. ‘ഈ കുഞ്ഞുങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ ആയിരത്തോളം പേരാണ് ഇന്ന് പള്ളിയിലെത്തിയത്. ഈ പള്ളി ഇങ്ങനെ നിറഞ്ഞുകാണുന്നത് വിരളമാണ്’ -ഫുജൈറ ഇന്ത്യൻ സെൻറർ സെക്രട്ടറി ഹാശിം തങ്ങൾ പറഞ്ഞു.
‘ആദ്യം കേട്ടപ്പോൾ വാർത്ത വിശ്വസിക്കാനായില്ല. ഫായിസിനെപ്പോലെ മൂന്നു വയസ്സുള്ള മകൻ എനിക്കുമുണ്ട്. ആ കുടുംബത്തെക്കുറിച്ച് ചിന്തിക്കുേമ്പാൾ കണ്ണീരടക്കാനാവുന്നില്ല. ഗർഭിണിയായിരിക്കുന്ന സമയത്ത് ഫർസാനയും ഞാനും ഇടക്കിടെ കാണാറുണ്ടായിരുന്നു. നിങ്ങൾക്കും അതേ പ്രായത്തിലുള്ള കുഞ്ഞുണ്ടായിരിക്കുേമ്പാൾ ആ മരണം വല്ലാതെ നിങ്ങളെ നോവിക്കും’ -മരിച്ച മൂന്നുവയസ്സുകാരൻ ഫായിസിെൻറ സഹോദരിയുടെ അധ്യാപികയായ റുഖ്സാന വിതുമ്പലോടെ പറഞ്ഞു.
ദുരന്തത്തിൽ അനുശോചനം അറിയിച്ച ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. കേരള മുഖ്യമന്ത്രി നേരിട്ട് വിളിച്ച് കുടുംബാംഗങ്ങളുടെയും പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ചും അന്വേഷിച്ചു.



