ജി.സി.സി വനിത ടി20 ചാമ്പ്യൻഷിപ്; യു.എ.ഇക്ക് രണ്ടാം ജയം
text_fieldsജി.സി.സി വനിത ടി20 ചാമ്പ്യൻഷിപ്പിൽ ഖത്തറിനെതിരെ യു.എ.ഇ ടീമിന്റെ ബാറ്റിങ്
ദുബൈ: മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് ശനിയാഴ്ച നടന്ന ജി.സി.സി വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ യു.എ.ഇക്ക് രണ്ടാം ജയം. ഖത്തറിനെ 136 റൺസിന് വീഴ്ത്തിയാണ് യു.എ.ഇ രണ്ടാം ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 52 പന്തിൽ 96 റണ്ണടിച്ച റിനിത രജിത്തിന്റെ ബാറ്റിങ് മികവിൽ 20 ഓവറിൽ അഞ്ചുവിക്കറ്റിന് 183 എന്ന ടോട്ടലിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തർ 18.4 ഓവറിൽ 47 റൺസിന് എല്ലാവരും പുറത്തായി. റിനിതയാണ് പ്ലയർ ഓഫ് ദി മാച്ച്.
അതേസമയം, മറ്റൊരു മത്സരത്തിൽ സൗദിയെ തോൽപിച്ച് ആതിഥേയരായ ഒമാൻ ആദ്യ ജയം നേടി. 167 റണ്ണിനാണ് ഒമാനി വനിതകളുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 203 റൺ കുറിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗദി 18.4 ഓവറിൽ 36 റണ്ണിന് എല്ലാവരും പുറത്തായി. ഒമാനുവേണ്ടി ജയധന്യ ഗുണശേഖർ 43 പന്തിൽ 66 റണ്ണെടുത്തു.
വെള്ളിയാഴ്ച രാത്രി നടന്ന മറ്റൊരു മൽസരത്തിൽ സൗദിക്കെതിരെ ബഹ്റൈൻ വനിതകൾ 107 റണ്ണിന്റെ ജയം കുറിച്ചു. ആദ്യം ബാറ്റുചെയ്ത ബഹ്റൈൻ 20 ഓവറിൽ മൂന്നു വിക്കറ്റിന് 196 റണ്ണടിച്ചപ്പോൾ നിശ്ചിത ഓവർ പൂർത്തിയാവുമ്പോൾ സൗദിക്ക് ഒരു വിക്കറ്റ് ശേഷിക്കെ, 89 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 66 പന്തിൽ സെഞ്ച്വറി കുറിച്ച (107 നോട്ടൗട്ട്) ബഹ്റൈന്റെ ദീപിക രസംഗികയാണ് പ്ലയർ ഓഫ് ദി മാച്ച്. ഞായറാഴ്ച കളിയില്ല. തിങ്കളാഴ്ച രാവിലെ ഒമാൻ ബഹ്റൈനെയും ഖത്തർ സൗദിയെയും കുവൈത്ത് യു.എ.ഇയെയും നേരിടും.


