വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം പരിചയപ്പെടുത്തി ജി.എം.യു ;100 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി
text_fields' ആസ്പയർ ടു ബികം എ ഡോക്ടർ’ പരിപാടിയിൽ സർട്ടിഫിക്കറ്റുകൾ നേടിയ വിദ്യാർഥികൾ ജി.എം.യു അധികൃതർക്കൊപ്പം
അജ്മാൻ: മെഡിക്കൽ വിദ്യാഭ്യാസം പരിചയപ്പെടുത്തുന്നതിനായി ‘ ആസ്പയർ ടു ബികം എ ഡോക്ടർ’ എന്ന പേരിൽ ക്ലാസുകൾ സംഘടിപ്പിച്ച് അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു). വർഷാ വർഷം സംഘടിപ്പിച്ചുവരുന്ന പരിപാടിയിൽ ഇത്തവണ 100 ഹൈസ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. അജ്മാൻ മെഡിക്കൽ യൂനിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ക്ലാസുകൾ വിജകരമായി പൂർത്തിയാക്കിയ 100 ഹൈസ്കൂൾ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഹൈസ്കൂൾ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും ലോകം പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് രൂപകൽപന ചെയ്തതാണ് ‘ആസ്പയർ ടു ബികം എ ഡോകട്ർ സംരംഭം’. പ്രമുഖർ നയിക്കുന്ന വർക്ക് ഷോപ്പുകൾ, ലാബ് സന്ദർശനം, ജി.എം.യു ഫാക്വൽറ്റികളും ആരോഗ്യ സംരക്ഷകരുമായി സംവദിക്കാനുള്ള അവസരം തുടങ്ങി വിവിധ സെഷനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പ്രോഗ്രാമുകൾ.
ക്ലാസുകൾ പൂർത്തിയാക്കിയ വിദ്യാർഥികളെ ജി.എം.യു ആക്ടിങ് വൈസ് ചാൻസലർ പ്രഫ. മന്ദ വെങ്കിട്ടരമണ അഭിനന്ദിച്ചു. വിദ്യാർഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചതെന്ന് അക്കാദമിക് ആക്ടിങ് വൈസ് ചാൻസലർ പ്രഫ. ഹാഷിം മാറൈ പറഞ്ഞു. അക്കാദമിക് മികവിനുള്ള ഒരു കേന്ദ്രമെന്ന നിലയിൽ ജി.എം.യുവിന്‍റെ വളർന്നുവരുന്ന പ്രശസ്തിയുടെ പ്രതിഫലനമാണ് ഈ പ്രോഗ്രാമിനോടുള്ള മികച്ച പ്രതികരണം. നൂതനമായ പഠനം, നേരത്തെയുള്ള പരിചയം, മെന്‍റർഷിപ്പ് എന്നിവയിലൂടെ വിദ്യാർഥികളിൽ മെഡിക്കൽ സയൻസസിൽ ആഗ്രഹം വളർത്തുന്നതിനും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.