സുമനസ്സുകൾ സഹായിച്ചു; ഹനീഫ നാട്ടിലേക്ക് യാത്രയായി
text_fieldsഹനീഫ
അജ്മാന്: പണം കടം വാങ്ങാൻ സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിൽ ചികിത്സ മുടങ്ങിയ ഹനീഫ നാട്ടിലേക്ക് മടങ്ങി.രണ്ടാഴ്ച മുമ്പ് അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് പോകുന്നതിനിടെ തൃശൂര്‍ പഴയന്നൂര്‍ സ്വദേശി ഹനീഫയാണ് യാത്രാ നിരോധനത്തെത്തുടര്‍ന്ന് ദുബൈ വിമാനത്താവളത്തില്‍നിന്നും മടങ്ങേണ്ടി വന്നത്.കൊല്ലം സ്വദേശിയായ സുഹൃത്തിന് സൂപ്പർമാർക്കറ്റ് നടത്തിപ്പിന് മുപ്പതിനായിരം ദിർഹം കടം വാങ്ങാനാണ് ഇദ്ദേഹവും മറ്റൊരാളും ജാമ്യം നിന്നത്.ഇദ്ദേഹത്തോടൊപ്പം ജാമ്യംനിന്ന വ്യക്തി നേരത്തേ നാട്ടിലേക്ക് പോയിരുന്നു. ഡോക്ടര്‍മാര്‍ അടിയന്തരമായി ഡയാലിസിസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ടാണ് വിഷയമറിയാതെ ഇദ്ദേഹം നാട്ടിലേക്ക് യാത്ര തിരിച്ചത്.
എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രാവിലക്കുണ്ടെന്ന വിവരം അറിയുന്നത്. സുഹൃത്ത് പണം തിരിച്ചടക്കാത്തതിനാൽ ജാമ്യം നിന്ന ഹനീഫക്കെതിരെ കേസുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ ഇദ്ദേഹത്തിന് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്.കോടതി വഴി പിഴയടച്ചാല്‍ മാത്രമേ യാത്ര തുടരാന്‍ കഴിയുമായിരുന്നുള്ളൂ.ഇദ്ദേഹത്തിന് സഹായിയായി കൂടെയുണ്ടായിരുന്ന മകന് നാട്ടിലേക്ക് തിരിച്ചു.തിരിച്ചുവന്ന് ദിവസങ്ങള്‍ക്കുശേഷം കോടതി മുഖാന്തരം പിഴയടച്ചു. ഉയര്‍ന്ന നിരക്ക് സമയത്ത് വീണ്ടും നാട്ടിലേക്ക് ടിക്കറ്റ് എടുത്തു.ഇതിനെല്ലാം ചില സുമനസ്സുകളാണ് സഹായിച്ചതെന്ന് ഹനീഫ പറയുന്നു. ഇനി നാട്ടിലെത്തി ഉടനെ ചികിത്സ തേടണം. സ്വന്തമായി ഒരു വീട് പോലുമില്ല ഈ പ്രവാസിക്ക്.പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകളും പേറി അയാള്‍ പ്രവാസത്തിന്റെ പടികടന്ന് യാത്രയാവുകയാണ്.


