ഹിഷാം അൽ മദ്ലൂം, യു.എ.ഇയുടെ കാരിക്കേച്ചർ വസന്തം
text_fieldsകാരിക്കേച്ചർ കേവലം ഒരു വരയല്ല ഒരുവരദാനമാണ്. നിശ്ചലമെന്ന് തോന്നുന്ന ചിത്രങ്ങൾ സമകാലിക സംഭവങ്ങളുമായി നിരന്തരം ആശയ വിനിമയം ചെയ്യുന്നതായി തോന്നിപ്പിക്കുന്നതാണ് കാരിച്ചേറിലെ വരപ്രസാദം.സ്കെച്ചിങ്, പെൻസിൽ സ്ട്രോക്കുകൾ അല്ലെങ്കിൽ മറ്റ് കലാപരമായ ഡ്രോയിങ്ങുകൾ എന്നിവയിലൂടെ ലളിതമോ അതിശയോക്തിപരമോ ആയ രീതിയിൽ വിഷയത്തിന്റെ സവിശേഷതകൾ കാണിക്കുന്ന ഒരു മാന്ത്രികത വരയുടെ കരയിൽനിന്നാൽ കാണാനാകും.അത്തരമൊരു വരപ്രസാദമാണ് ഹിഷാം അൽ മദ്ലൂം എന്ന യു.എ.ഇയുടെ അതുല്യ പ്രതിഭ. അറബി കാലിഗ്രഫി മുതൽ ഇസ്ലാമിക് വാസ്തുവിദ്യ, ജ്യാമിതീയ പാറ്റേണുകൾ വരെയുള്ള അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ ഭൂരിഭാഗവും വിവിധ സ്പോർട്സ് അസോസിയേഷനുകൾ, വിദ്യാർഥി സംഘടനകൾ, സോഷ്യൽ കാമ്പെയ്നുകൾ എന്നിവയ്ക്കുള്ളതായിരുന്നു.ഒരു പ്രധാന ഡിസൈൻ ഘടകമെന്ന നിലയിൽ അറബി കാലിഗ്രഫിക്ക് ശക്തമായ ഊന്നൽ നൽകിക്കൊണ്ട് ദേശീയ സ്വത്വത്തെയും പ്രാദേശിക സംസ്കാരത്തെയും കുറിച്ചുള്ള ആശയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു രചനകളെല്ലാം.
എമിറേറ്റ്സ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്ഥാപക അംഗമെന്ന നിലയിൽ, 80കളുടെ തുടക്കത്തിൽ യു.എ.ഇയിലെ കലാപരമായ പ്രസ്ഥാനത്തിന് തുടക്കമിട്ട കലാകാരന്മാർ, എഴുത്തുകാർ, അഭിനേതാക്കൾ, നാടക സംവിധായകർ എന്നിവരുടെ ചുറ്റുപാടിൽ ഹിഷാം അൽ മദ്ലൂം മുൻനിരയിൽ തന്നെ ഉൾപ്പെട്ടിരുന്നു.ഷാർജ ടിവിയും ഏഷ്യൻ കപ്പുംഷാർജ ടി.വിക്കും 1996 ലെ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പ് ലോഗോകളും ലോക ശ്രദ്ധ പിചിച്ചു പറ്റിയ സൃഷ്ടികളിൽ ചിലതാണ്.ഷാർജ ടിവി ലോഗോയുടെ 53 പതിപ്പുകൾ അദ്ദേഹം സൃഷ്ടിച്ചു. യു.എ.ഇയെ പ്രതിനിധീകരിക്കുന്നഫാൽക്കൺ പക്ഷി, ഷാർജ നഗരത്തെ പ്രതിഫലിപ്പിക്കുന്ന സൂര്യൻ, രാജ്യത്തിന്റെ ഇസ്ലാമിക വാസ്തുവിദ്യാ രൂപമായി മെഹ്റാബ്. ഏഷ്യൻ ഫുട്ബോൾ കപ്പ് ലോഗോ ഡിസൈനിൽ, ഇസ്ലാമിക പാറ്റേണുകളുടെ സൂക്ഷ്മമായ സംയോജനത്തോടൊപ്പം മീറ്റിങ്ങിന്റെയും സംഖ്യകളുടെയും സമന്വയം മനോഹരമാണ്.
അറബിക് കാലിഗ്രഫി ആർട്ടിന്റെ കെയ്റോ ഇന്റർനാഷണൽ ബിനാലെയുടെ ഒമ്പതാമത് ഫോറം എമിറാത്തി ആർട്ടിസ്റ്റ് ഹിഷാം അൽ മദ്ലൂമിനെ ആദരിച്ചു, അദ്ദേഹത്തിന്റെ പ്രോജക്റ്റ് ‘ദിവാനി ഹൗസ് ഓഫ് കാലിഗ്രഫി’യെ നിരവധി ഉന്നത അധികാരികളാണ് നേരിട്ടെത്തി അഭിനന്ദിച്ചത്. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ നടന്ന ഫോറത്തിൽ യു.എ.ഇ, അൾജീരിയ, സൗദി അറേബ്യ, ഇന്ത്യ, ലെബനൻ, പോളണ്ട്, സുൽത്താനേറ്റ് ഓഫ് ഒമാൻ, ഇറാഖ്, ചൈന, സിറിയ, ഇന്തോനേഷ്യ, മൊറോക്കോ, തായ്ലൻഡ്, ലിബിയ, ഇറ്റലി, യെമൻ ഉൾപ്പെടെ 16 അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള 160 കലാകാരന്മാർ പങ്കെടുത്തു. യു.എ.ഇ സർവകലാശാലയിലെ എമിറേറ്റ്സ് ഫൈൻ ആർട്സ് സൊസൈറ്റി, എമിറേറ്റ്സ് ഫോട്ടോഗ്രഫി സൊസൈറ്റി, അൽ മർസം അൽ ഹോർ സ്റ്റുഡിയോ എന്നിവയുടെ സ്ഥാപക അംഗമാണ് ഹിഷാം അൽ മദ്ലൂം. ഷാർജ കാലിഗ്രാഫി മ്യൂസിയം (1995–2006), ഷാർജ മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് (1995–2006), ഷാർജ ആർട്ട് മ്യൂസിയം ഡയറക്ടർ (1995–2006) എന്നീസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഷാർജ ബിനാലെയുടെ (1993-2007) ജനറൽ കോർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഷാർജ ടി.വിയുടെ ആസൂത്രണത്തിലും സ്ഥാപനത്തിലും പ്രധാന പങ്കുവഹിച്ചു.ഷാർജയിലെ ഹയർ കോളേജ് ഓഫ് ടെക്നോളജി (2010), ഷാർജ ബസാർ വാ ബേസർ (1989) എന്നിവയുൾപ്പെടെയുള്ള സോളോ എക്സിബിഷനുകളിൽ അൽ മദ്ലൂമിന്റെ സൃഷ്ടികൾ ഇടംപിടിച്ചിട്ടുണ്ട്. ഷാർജയിലെ എമിറേറ്റ്സ് ഫൈൻ ആർട്സ് സൊസൈറ്റി എക്സിബിഷൻ (1981-1986) പോലുള്ള ഗ്രൂപ്പ് എക്സിബിഷനുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്; ഷാർജ ദേശീയ കലാമേളയും (1984-1988) ലെബനനിലെ പോസ്റ്റർ ആർട്ട് ഫെസ്റ്റിവലിൻറെ ആദ്യ പതിപ്പും (1982). ഷാർജ ടിവിയുടെയും
യു.എ.ഇയിലെ മറ്റ് സ്പോർട്സ് ക്ലബ്ബുകളുടെയും ടീമുകളുടെയും ലോഗോകൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്.അൽ ഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് (1986) വിഷ്വൽ കമ്മ്യൂണിക്കേഷനിലും മാനേജ്മെൻറിലും ബിരുദം നേടിയിട്ടുണ്ട്.1961ൽ ഷാർജയിലാണ് അൽ മദ്ലൂം ജനിച്ചത്, അവിടെ അദ്ദേഹം ജോലിയും ജീവിതവും തുടരുന്നു.