Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറബ് നാവിക...

അറബ് നാവിക പാരമ്പര്യവും അറിവുകളും പുനരാവിഷ്കരിച്ച് പുസ്തകോത്സവ വേദിയിലെ ‘ഹൗസ് ഓഫ് വിസ്ഡം’

text_fields
bookmark_border
അറബ് നാവിക പാരമ്പര്യവും അറിവുകളും പുനരാവിഷ്കരിച്ച് പുസ്തകോത്സവ വേദിയിലെ ‘ഹൗസ് ഓഫ് വിസ്ഡം’
cancel
camera_alt

ഹൗസ് ഓഫ് വിസ്ഡം പ്രദർശനം

ഷാർജ: ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അറബ് നാവിക പാരമ്പര്യവും അറിവുകളും പുനരാവിഷ്കരിച്ച് ഹൗസ് ഓഫ് വിസ്ഡം. ഒമാൻ അക്രോസ് ഏജസ് മ്യൂസിയവുമായി സഹകരിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ പുസ്തകോത്സവത്തിലെ അതിഥി രാജ്യമായ ഒമാന്‍റെ പങ്കാളിത്തത്തിന്‍റെ ഭാഗമായി, ‘അറബ് നാവിക പാരമ്പര്യം: അഹമ്മദ് ഇബ്നു മജീദും നാവിക ശാസ്ത്രവും’ എന്ന പ്രമേയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

യു.എ.ഇയും ഒമാനും തമ്മിലുള്ള ദീർഘകാലത്തെ സമുദ്രമാർഗ വ്യാപാര ബന്ധങ്ങളെയും സാംസ്കാരിക വിനിമയങ്ങളെയും അടയാളപ്പെടുത്തുന്നതാണ് പ്രദർശനം. അറബ് നാവികർ പുതിയ സമുദ്ര പാതകൾ കണ്ടെത്തുകയും തുറമുഖങ്ങളെ ബന്ധിപ്പിക്കുകയും ചെയ്ത ചരിത്രം ഇവിടെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്​. നാവികർ തങ്ങളുടെ അനുഭവങ്ങളും ശാസ്ത്രീയ വിവരങ്ങളും രേഖപ്പെടുത്തിവെച്ചിരുന്ന ‘അൽ-റഹ്മാനിയ്യത്ത്’ എന്ന രചനകളുടെ ശേഖരവും 15-ാം നൂറ്റാണ്ടിലെ പ്രശസ്ത അറബ് നാവികൻ അഹമ്മദ് ഇബ്നു മജീദുമായി ബന്ധപ്പെട്ട ചരിത്രരേഖകളും പ്രദർശനത്തിന്‍റെ പ്രധാന ആകർഷണമാണ്.

മേഖലയുടെ ശാസ്ത്രീയവും നാഗരികവുമായ സംഭാവനകളുടെ ആഴം വ്യക്തമാക്കുന്നതാണ് അറബ് നാവിക ചരിത്രമെന്ന് ഹൗസ് ഓഫ് വിസ്ഡം എക്സിക്യൂട്ടീവ് ഡയറക്ടർ മർവ അൽ അഖ്റൂബി പറഞ്ഞു. നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഈ അറിവുകൾ സമുദ്ര വ്യാപാരം വളർത്താനും സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും സഹായിച്ചു. പുതിയ തലമുറക്ക്​ ഈ ചരിത്രം മനസ്സിലാക്കാൻ മ്യൂസിയവുമായുള്ള കൂട്ടായ്മ വഴിയൊരുക്കുമെന്നും മർവ കൂട്ടിച്ചേർത്തു.

ഒമാൻ മ്യൂസിയത്തിന്‍റെ ശേഖരത്തിലുള്ള അപൂർവവും ചരിത്രപരവുമായ മൂന്ന് നാവിക കൈയെഴുത്തുപ്രതികൾ പ്രദർശനത്തിലുണ്ട്. ഇതിൽ നാസർ ബിൻ അലി അൽ ഖദൂരി രചിച്ച ‘ദി ട്രഷർ ഓഫ് സീക്രട്ട്സ് ഇൻ ദി സയൻസ് ഓഫ് ദി സീസ്’ എന്ന ഗ്രന്ഥം 2017ൽ യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതാണ്. കൂടാതെ, സമുദ്ര പാതകളുടെ മാപ്പുകളും അക്ഷാംശ-രേഖാംശ വിവരങ്ങളും തുറമുഖങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ മറ്റ് രണ്ട് പ്രമുഖ ഗ്രന്ഥങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

അഹമ്മദ് ഇബ്നു മജീദിന്റെ പ്രസിദ്ധീകരിക്കാത്ത ഏഴ് കവിതകൾ ഉൾപ്പെടെ 15 സമുദ്ര കവിതകൾ അടങ്ങിയ 1771-ലെ അപൂർവ കൈയെഴുത്തുപ്രതിയും ഇവിടെ കാണാം. ഇതോടൊപ്പം, ഇബ്നു മജീദ് പോർച്ചുഗീസുകാരെ ഇന്ത്യയിലേക്ക് വഴിനടത്തി എന്ന ആരോപണം ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ തള്ളിക്കളയുന്ന, ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രചിച്ച പുസ്തകവും പ്രദർശനത്തിലുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തെയും സംഭാവനകളെയും ആസ്പദമാക്കിയുള്ള വീഡിയോ പ്രദർശനവും ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam UAE Sharjah Book Fair Arab heritage Exibition 
News Summary - House of Wisdom Showcases Arab Maritime Heritage at Book Festival
Next Story