നിക്ഷേപം ശക്തമാക്കാൻ ഇന്ത്യ-യു.എ.ഇ ധാരണ
text_fieldsഅബൂദബിയിൽ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്ത ദൗത്യസംഘത്തിന്‍റെ യോഗത്തിൽ നിന്ന്
അബൂദബി: ബഹിരാകാശം, നാവിക മേഖലകളിലടക്കം സുപ്രധാന മേഖലകളിൽ കൂടുതല്‍ നിക്ഷേപത്തിന് ഇന്ത്യയും യു.എ.ഇയും തമ്മിൽ ധാരണ. അബൂദബിയിൽ ഇരുരാജ്യങ്ങളുടെയും സംയുക്ത ദൗത്യസംഘം നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, അബൂദബി ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി എം.ഡി ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന് എന്നിവരുടെ അധ്യക്ഷതയിലാണ് നിക്ഷേപം സംബന്ധിച്ച ഇന്ത്യ-യു.എ.ഇ സംയുക്ത ദൗത്യസംഘത്തിന്‍റെ യോഗം നടന്നത്.
വ്യാപാര, നിക്ഷേപ ബന്ധം കൂടുതൽ ശക്തമാക്കാന്‍ യോഗത്തില്‍ ധാരണയായി. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കാളിയാണ് യു.എ.ഇയെന്ന് മന്ത്രി പറഞ്ഞു. സെപ് കരാർ യാഥാർഥ്യമായ ശേഷം ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര, നിക്ഷേപ ബന്ധം അതിവേഗത്തിലാണ് വളരുന്നതെന്ന് ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലെയും നിക്ഷേപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനുള്ള സംരംഭങ്ങൾ, പുതിയ സഹകരണമേഖലകൾ എന്നിവ സംക്ത ദ്യത്യ സംഘം ചര്‍ച്ച ചെയ്തു.
ജബല്‍ അലി ഫ്രീസോണില്‍ 27 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഭാരത് മാര്‍ട്ട് ഉള്‍പ്പെടെയുള്ള സംയുക്ത നിക്ഷേപ പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പ്രാദേശിക കറന്‍സികളില്‍ വ്യാപാരം സാധ്യമാക്കാന്‍ ഇരുരാജ്യങ്ങളുടെയും സെന്‍ട്രല്‍ ബാങ്കുകള്‍ തമ്മിലുണ്ടാക്കിയ സഹകരണത്തെ യോഗം പ്രശംസിച്ചു. ഈ വര്‍ഷം ആദ്യപകുതിയില്‍ ഇന്ത്യ-യു.എ.ഇ എണ്ണയിതര വ്യാപാരം 38 ശതകോടി യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെ കാലയളവിനേക്കാൾ 34 ശതമാനം അധികമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപക സ്ഥാപന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. 2013 ലാണ് നിക്ഷേപത്തിനായി ഇന്ത്യ-യു.എ.ഇ സംയുക്ത ദൗത്യസംഘം രൂപീകരിച്ചത്.