രാജകീയ ഫോട്ടോഗ്രാഫർ
text_fieldsയു.എ.ഇയുടെ പിറവി മുതൽ ഓരോ പടവുകളും ക്ലിക്കിയെടുത്ത ഒരു രാജകീയ ഇന്ത്യൻ ഫോട്ടോഗ്രാഫറുണ്ട്-രമേഷ് ശുക്ല. പഴയകാല ഇമാറാത്തി ജീവിതത്തിന്റെ ചരിത്രമാണ് ഇദ്ദേഹം തന്റെ റോളികോർഡ് കാമറ കൊണ്ട് എഴുതിവെച്ചത്. ഏഴ് എമിറേറ്റുകളിലെ വൈവിധ്യങ്ങളെ ഏകീകരിക്കുന്ന മാന്ത്രികത രമേഷ് ചിത്രങ്ങളുടെ പ്രത്യേകതയാണ്. ട്രുഷ്യൽ സ്റ്റേറ്റുകളിൽ നിന്ന് ഐക്യ അറബ് നാടുകൾ എന്ന മഹത്തായ അധ്യായം രചിച്ച യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ സുക്ഷ്മദർശനങ്ങൾ രമേഷ് ശുക്ലയുടെ ഫോട്ടോകളിൽ തെളിഞ്ഞുകാണാം.
ഇമാറാത്തി നോട്ടുകളിലും ബോട്ടുകളിലും മെട്രോ സ്റ്റേഷനുകളിലും നിറഞ്ഞു നിൽക്കുന്നുണ്ട് രമേഷ് ശുക്ലയുടെ മനോഹര ക്ലിക്കുകൾ. 1965ൽ കടൽ മാർഗമായിരുന്നു രമേഷ് ശുക്ലയുടെ മരുഭൂയാത്ര. കൈയിൽ അച്ഛൻ സമ്മാനിച്ച റോളികോർഡ് കാമറ. കീശയിൽ ഒരു ഡോളർ, കുറച്ച് ഫിലീം റോളുകൾ. ഷാർജയിൽ നിന്ന് കഴുത വണ്ടിയിലും ബൈക്കിലും കയറിയായിരുന്നു ദുബൈയിലെത്തിയത്. നീണ്ട് നിവർന്നു കിടക്കുന്ന ഹൈവേകളൊന്നും പിറക്കാത്ത കാലത്തെ മണലിൽ കടഞ്ഞെടുത്ത ഒറ്റവരി റോഡുകളിലൂടെയുള്ള യാത്രകളിൽ മിഴികളിലേക്ക് പാഞ്ഞുവന്ന സീനുകളെ മനസിന്റെ കാമറയിൽ കൃത്യമായി പകർത്തിവെച്ചു. ബദുവിയൻ ജീവിതങ്ങളുടെ വിസ്മയങ്ങളിലേക്കും കടൽ ജീവിതത്തിന്റെ സാഹസികതകളിലേക്കും ശുക്ലയുടെ കാമറ അദ്ഭുതത്തോടെ ഷട്ടറുകൾ തുറന്നു.
1968ൽ ഷാർജയിൽ നടന്ന ഒട്ടകയോട്ട മത്സരത്തിലേക്ക് തുറന്ന കാമറ കണ്ണുകളിലാണ് രമേഷിന്റെ ശുക്രദശ തെളിഞ്ഞത്. വിവിധ എമിറേറ്റുകളിൽ നിന്നുള്ള ശൈഖുമാർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു, രമേഷ് ശുക്ലക്ക് ഈ രാജകീയ ഗ്രൂപ്പിന്റെ ഫോട്ടോ എടുക്കാനുള്ള ഭാഗ്യമുണ്ടായി. ഈ ഫോട്ടോ കണ്ട യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ അദ്ദേഹത്തെ പ്രശംസകൾ കൊണ്ട് മൂടി, ചേർത്തുനിർത്തി. പിന്നീട് അബുദബിയിലെ രാജകീയ പരിപാടികളുടെ ഫോട്ടോയെടുക്കാൻ രമേഷിന് ക്ഷണമുണ്ടായി. അധികമാർക്കും ലഭിക്കാത്ത മഹാഭാഗ്യം. യു.എ.ഇയുടെ പിറവിക്ക് സാക്ഷിയായും ശുക്ലയുണ്ടായിരുന്നു. ശൈഖുമാരുടെ കൂടിച്ചേരലും ഒപ്പുവെക്കലും രമേഷ് ഒപ്പിയെടുത്തു. ഒരു രാഷ്ട്രത്തിന്റെ തിരുപ്പിറവിക്ക് രമേഷിന്റെ കാമറ വിളക്കുകൾ മംഗളം പാടി. രാജ്യത്തിന്റെ 50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2021ൽ അച്ചടിച്ച 50 ദിർഹമിന്റെ നോട്ടിൽ ഈ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്.
1990-ൽ മരിക്കുന്നതുവരെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സാഈദ് ആൽ മക്തൂം ശുക്ലയെ കൂടെനിർത്തി. 1970-ൽ രമേഷ് ശുക്ലയുടെ ഭാര്യ താറുവും മകൻ നീലും ദുബൈയിലെത്തി. രമേഷ് ശുക്ല ഭരണാധികാരികളുടെ ഫോട്ടോയെടുക്കുമ്പോൾ, കൊട്ടാരത്തിനകത്തെ രാജകുമാരിമാരുടെ ഫോട്ടോയെടുക്കാനുള്ള ഭാഗ്യമുണ്ടായത് ഭാര്യ താറുവിനാണ്. ഒരു കുടുംബം തന്നെ രാജകീയ ക്ലിക്കുകളുടെ ഷട്ടർ വേഗമായ സൗഭാഗ്യം. തന്റെ 14ാം വയസ്സിൽ അച്ഛൻ റോളികോർഡ് കാമറ സമ്മാനിക്കുമ്പോൾ രമേഷ് കൊടുത്ത ഒരു വാക്കുണ്ടായിരുന്നു. പപ്പാ അധികം കാത്തിരിക്കാതെ ഈ കാമറ ലോകപ്രശസ്തമാകും.
കൃത്യമായിരുന്നു ആ കണക്ക് കൂട്ടലുകൾ. ലോകവിസ്മയമായ ദുബൈ മെട്രോയുടെ ചുവരുകളിലേക്ക് നോക്കിയാൽ കാണാം രമേഷ് എടുത്ത ക്ലിക്കുകളുടെ മനോഹാരിത. മരുഭൂ ജീവിതത്തിന്റെ പൗരാണിക സൗന്ദര്യം എത്ര മനോഹരമായിട്ടാണ് റോളികോർഡിന്റെ മിഴികളിലേക്ക് രമേഷ് ശുക്ല പകർത്തിവെച്ചതെന്ന് ഈ ഫോട്ടോകൾ പറഞ്ഞുതരും. പഴമയെ നെഞ്ചോട് ചേർത്ത് വെക്കുന്നവരാണ് അറബികൾ. പഴയകാല കടൽ ജീവിതത്തെയും കാർഷിക വൈവിധ്യങ്ങളെയും അവർ നെഞ്ചോട് ചേർത്ത് വെക്കുന്നു. ഒട്ടകയോട്ട മത്സരങ്ങളും സവാരിയും കഴുതകളെ ഉപയോഗിച്ചുള്ള ചരക്ക് നീക്കങ്ങളും അവരിന്നും അഭിമാനത്തോടെ കാണുന്നു.
ഈ ജീവിതങ്ങളെയാണ് രമേഷ് ശുക്ല കണ്ണിലെ കൃഷ്ണമണി പോലെ കാത്തുവെച്ചത്. ദുബൈയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും രമേഷ് ശുക്ലയുടെ ഇത്തരം ജീവിതങ്ങളുടെ അപൂർവ്വ ഫോട്ടോഗ്രാഫികൾ ആലേഖനം ചെയ്തിട്ടുണ്ട്. കൊട്ടാര ജീവിതത്തെ ഇത്രക്ക് അടുത്തറിയാനുള്ള സൗഭാഗ്യം ലഭിച്ച രമേഷ് ശുക്ലയും കുടുംബവും ഇപ്പോഴും യു.എ.ഇയിൽ തന്നെ തുടരുന്നു.
രാജകീയ പരിവേഷത്തിന് ഇന്നും കുറവില്ല. ഫോർ സീസൺസ് രമേഷ് ഗാലറി പ്രവർത്തിക്കുന്നത് കറാമയോട് ചേർന്നാണ്. നിരവധി മലയാള സിനിമകൾ ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്.
വരും തലമുറകളിലേക്ക് ഫോട്ടോഗ്രാഫിയുടെ വൈവിധ്യങ്ങൾ പകർന്നുനൽകുവാൻ അച്ഛനും മകനും പരിശ്രമിക്കുന്നു, വിജയം കാണുന്നു.