റസ്റ്റാറന്റിനെതിരെ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത ഇൻഫ്ലുവൻസർക്ക് 21 ലക്ഷം പിഴ
text_fieldsഅബൂദബി: രാജ്യത്തെ പ്രമുഖ റസ്റ്റാറന്റിനെതിരെ അപകീർത്തികരമായ രീതിയിൽ വിഡിയോ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് കോടതി 81,000 ദിർഹം (ഏകദേശം 2,121,00 രൂപ) പിഴ ചുമത്തിയതായി അബൂദബി ജുഡീഷ്യൽ ഡിപാർട്മെന്റ് അറിയിച്ചു. നിയമാനുസൃതവും വസ്തുനിഷ്ഠവുമായ വിമർശനത്തിന് പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. റസ്റ്റാറന്റിൽനിന്ന് വിഡിയോ ചിത്രീകരിച്ച ഇൻഫ്ലുവൻസർ, ഉടമയുടെ ബിസിനസ് രീതികളെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഇത് തന്റെയും സ്ഥാപനത്തിന്റെയും അന്തസ്സിനെ ദോഷകരമായി ബാധിച്ചുവെന്ന് കാണിച്ചാണ് റസ്റ്റാറന്റ് ഉടമ പരാതി നൽകിയത്.
ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതെന്ന് പ്രതി സമ്മതിച്ചു. എന്നാൽ, ഇത് വെറുമൊരു വിമർശനം മാത്രമായിരുന്നുവെന്നായിരുന്നു അവരുടെ വാദം. എന്നാൽ, ഈ വിഡിയോ റസ്റ്റാറന്റിന്റെ സേവനങ്ങളെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ ഉള്ള വിലയിരുത്തലല്ലെന്നും വ്യക്തികളെ നേരിട്ട് അധിക്ഷേപിക്കുന്നതാണെന്നും അധികൃതർ കണ്ടെത്തി. വസ്തുനിഷ്ഠമായ വിലയിരുത്തലിന് പകരം വ്യക്തിഹത്യ നടത്താനാണ് ഇൻഫ്ലുവൻസർ ശ്രമിച്ചതെന്നായിരുന്നു അന്വേഷണത്തിൽ തെളിഞ്ഞത്.
ഇതേതുടർന്ന് കോടതി പ്രതിക്ക് 30,000 ദിർഹം ക്രിമിനൽ പിഴ ചുമത്തി. വിഡിയോ നീക്കം ചെയ്യാനും ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും ഉത്തരവിട്ടു. ഇതിന് പുറമെ, പരാതിക്കാരന് താൽക്കാലിക സിവിൽ നഷ്ടപരിഹാരമായി 51,000 ദിർഹം കൂടി നൽകാൻ കോടതി വിധിച്ചതോടെയാണ് ആകെ തുക 81,000 ദിർഹമായി ഉയർന്നത്. സോഷ്യൽ മീഡിയയിൽ സാധാരണ ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവകാശമുണ്ടെങ്കിലും വ്യക്തികളെയോ സ്ഥാപനങ്ങളെയോ അധിക്ഷേപിക്കുന്നതും അന്തസ്സിന് കളങ്കം വരുത്തുന്നതും യു.എ.ഇ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.
നിയമം അനുശാസിക്കുന്നത്
അപകീർത്തി നിയമം (യു.എ.ഇ പീനൽ കോഡ്): ഒരാളെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാൽ ആർട്ടിക്കിൾ 425 പ്രകാരം രണ്ട് വർഷം വരെ തടവോ 20,000 ദിർഹം വരെ പിഴയോ ലഭിക്കാം. ആർട്ടിക്കിൾ 426 പ്രകാരം ഒരാളുടെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങളും കുറ്റകരമാണ്.
സൈബർ ക്രൈം നിയമം: ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിച്ചാൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും. പ്രതിസന്ധി ഘട്ടങ്ങളിലാണ് ഇതെങ്കിൽ ശിക്ഷ രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമായി ഉയരും. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഒരാളെ അധിക്ഷേപിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ 2,50000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയായും ഈടാക്കാവുന്നതാണ്.


