അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; പിടിച്ചെടുത്തത് വിവിധതരം നിരോധിത മയക്കുമരുന്നുകൾ
text_fieldsദുബൈ: യുഎഇയിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്താനുള്ള അന്താരാഷ്ട്ര സംഘത്തിന്‍റെ ശ്രമം സുരക്ഷാ ഏജൻസികൾ തകർത്തു. രണ്ടു ലക്ഷം കാപ്റ്റഗൺ ഗുളികകളും 30 കിലോയിലധികം വരുന്ന വിവിധതരം നിരോധിത മയക്കുമരുന്നുകളും അധികൃതർ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഗൾഫ്, അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 20 അംഗ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.
യു.എ.ഇ നാഷനൽ ആന്‍റി നാർക്കോട്ടിക്സ് ഏജൻസി, റാസൽഖൈമ പൊലീസ്, ഇറാഖിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്, ഫെഡറൽ പബ്ലിക് പ്രൊസിക്യൂഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ വൻ വേട്ട നടത്തിയത്. യു.എ.ഇയിലേക്ക് റാസൽഖൈമയിലെ അതിർത്തി മേഖലകൾ വഴി വൻതോതിൽ മയക്കുമരുന്ന് എത്തിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘം പദ്ധതിയിടുന്നതായി യു.എ.ഇയും ഇറാഖും തമ്മിൽ പങ്കുവെച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം നടത്തിയത്.
കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്താംഫെറ്റമൈൻ, മരിജുവാന, ഹാഷിഷ്, സ്‌പൈസ് തുടങ്ങിയ വീര്യമേറിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇവ റാസൽഖൈമ അതിർത്തി വഴി രാജ്യത്തേക്ക് എത്തിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൃത്യമായ സുരക്ഷാ പ്ലാൻ തയാറാക്കി അതിർത്തിയിൽ വെച്ച് മയക്കുമരുന്നുമായി എത്തിയ ചിലരെ പിടികൂടി. തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലൂടെ ബാക്കി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്ക് ഏറ്റ വലിയ പ്രഹരമാണ് ഈ ഓപറേഷൻ എന്ന് നാഷനൽ ആന്‍റി നാർക്കോട്ടിക്സ് ഏജൻസി വ്യക്തമാക്കി. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും മയക്കുമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയുന്നതിനുമുള്ള പ്രതിബദ്ധത ഏജൻസി ആവർത്തിച്ചു. സംശയാസ്പദ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും അഭ്യർഥിച്ചു.


