ഇറാൻ ആക്രമണം; ദുബൈയിൽ ചീളുകൾ വീണ് രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്
text_fieldsദുബൈ: ഇറാന്‍റെ ആക്രമണ ശ്രമത്തിനിടെ ചൊവ്വാഴ്ച നഗരത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ അവശിഷ്ടങ്ങൾ വീണ് എട്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. ആദ്യ സംഭവത്തിൽ അൽ ബദാ പ്രദേശത്ത് ഒഴിച്ചിട്ട വീടിനു മുകളിൽ ചീളുകൾ പതിച്ച് സമീപത്തുണ്ടായിരുന്ന നാലുപേർക്ക് ചെറിയ പരിക്കേറ്റു.
രണ്ടാമത്തെ സംഭവത്തിൽ സൗത്ത് ദുബൈയിലെ താമസ മേഖലയിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേർ ഇന്ത്യക്കാരും ഒരാൾ ബംഗ്ലാദേശിയും മറ്റൊരാൾ ശ്രീലങ്കക്കാരനുമാണ്. സംഭവസ്ഥലത്ത് സ്വത്തുവകകൾക്ക് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഇന്ത്യക്കാരെ കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ച യു.എ.ഇക്ക് നേരെ ഇറാനിൽ നിന്ന് അയച്ച നാല് ക്രൂസ് മിസൈലുകളും എട്ട് ബാലിസ്റ്റിക് മിസൈലുകളും 36 ഡ്രോണുകളും വിജയകരമായി തകർത്തിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 1,977 ഡ്രോണുകളും തടഞ്ഞു. അതേസമയം രാജ്യത്ത് ആകെ പരിക്കേറ്റവരുടെ എണ്ണം 188 ആയി.


