Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷിബുവിന്‍റെ മരണത്തിന്​...

ഷിബുവിന്‍റെ മരണത്തിന്​ പിന്നില്‍ വട്ടിപ്പലിശക്കാരുടെ ഭീഷണി​?

text_fields
bookmark_border
ഷിബുവിന്‍റെ മരണത്തിന്​ പിന്നില്‍ വട്ടിപ്പലിശക്കാരുടെ ഭീഷണി​?
cancel
camera_alt

ഷിബു തമ്പാൻ

റാസല്‍ഖൈമ: ആലപ്പുഴ മാവേലിക്കര സ്വദേശി ഷിബു തമ്പാന്‍റെ മരണത്തിന് കാരണം​ രണ്ട്​ ആത്​മാർഥ സുഹൃത്തുക്കളുടെ ഭീഷണയെന്ന്​ സൂചന. മറ്റൊരു സുഹൃത്തിന്​ അയച്ച ആത്​മഹത്യ കുറിപ്പിലാണ്​ ഷിബു ഇക്കാര്യം സൂചിപ്പിക്കുന്നത്​. ‘ഇരുവരില്‍ ഒരാള്‍ക്ക് പണം ആവശ്യമായി വന്നപ്പോള്‍ ഈട് നിന്നതാണ് തനിക്ക്​ വിനയായത്​​.

ജാമ്യം നിന്നതിന്‍റെ പേരിൽ തനിക്കെതിരെ കേസെടുത്തു. യാത്രാ വിലക്കിന് പുറമെ ശമ്പളത്തില്‍ നിന്ന് പണം ഈടാക്കുന്ന ഘട്ടത്തിലുമെത്തി. എങ്ങനെ മുന്നോട്ടു പോകണമെന്ന നിശ്ചയമില്ലാത്ത പ്രതിസന്ധിയിലാണ് ജീവിതം അവസാനിപ്പിക്കുന്നത്​’.- ഷിബു കുറിപ്പില്‍ പറയുന്നു. ഷിബുവിന്‍റെ മരണ വിവരവും അദ്ദേഹത്തിന്‍റെ ആത്മഹത്യാകുറിപ്പും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മരണത്തിന്​ കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ റാക് പൊലീസില്‍ പരാതി സമര്‍പ്പിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. തിങ്കളാഴ്ച്ച രാവിലെ റാസല്‍ഖൈമയില്‍ താമസ സ്ഥലത്താണ് ഷിബു തമ്പാനെ മരിച്ച നിലയില്‍ കണ്ടത്തെിയത്.

അതേസമയം, കുടുംബ പ്രശ്നം, പലിശക്കെണി, തൊഴില്‍ പ്രശ്നം, ബിസിനസ് പരാജയം, വിശ്വാസ വഞ്ചന തുടങ്ങിയ വിവിധ വിഷയങ്ങളിലകപ്പെടുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു സ്വതന്ത്ര കേന്ദ്രത്തിന്‍റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഷിബുവിന്‍റെ ദാരുണ മരണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ എ.കെ. സേതുനാഥ് പറയുന്നു.

2012ല്‍ റാസല്‍ഖൈമയില്‍ അടിക്കടി നടന്ന ആത്മഹത്യകളില്‍ പലിശക്കൊള്ളക്കാരുടെ പ്രവൃത്തികള്‍ സജീവ ചര്‍ച്ചയായിരുന്നു. അന്ന് അനില്‍കുമാര്‍ നായര്‍, ഭാര്യ ശ്രീജ, മകള്‍ അനുശ്രീ എന്നിവരടങ്ങുന്ന മലയാളി കുടുംബത്തിന്‍റെയും ചിറയിന്‍കീഴ് സ്വദേശി മണിക്കുട്ടന്‍റെറയും ആത്മഹത്യകളത്തെുടര്‍ന്ന്​ മലയാള മാധ്യമങ്ങള്‍ക്കൊപ്പം പ്രമുഖ ഇംഗ്ളീഷ് മാധ്യമങ്ങളും പ്രാധാന്യത്തോടെ വട്ടിപലിശക്കാരുടെ പ്രവര്‍ത്തനങ്ങള്‍ റിപോർട്ട്​ ചെയ്തിരുന്നു.

പ്രശ്നങ്ങളിലകപ്പെടുന്നവര്‍ക്ക് മനസ് തുറക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് റാസല്‍ഖൈമയില്‍ ഒരു സ്വതന്ത്ര കേന്ദ്രം വേഗത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് സാധാരണക്കാരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും സേതുനാഥ് അഭിപ്രായപ്പെടുന്നു.

Show Full Article
TAGS:mavelikkara native Suicide suicide note travel ban Indian consulate Ras Al khaimah 
News Summary - Is the threat of loan sharks behind Shibu's death?
Next Story