അറേബ്യൻ കുതിരകളുടെ രാജശിൽപി
text_fieldsഅറേബ്യന്‍ കുതിരകള്‍ കുഞ്ചിരോമങ്ങള്‍ തുള്ളിച്ച് മത്സരാങ്കണത്തില്‍ കുതിച്ചോടുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവര്‍ അറബ് നാടുകളില്‍ മാത്രമാണെന്ന ധാരണ നൂറു ശതമാനം തെറ്റാണ്. അന്തരിച്ച ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധന-വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ കുതിരകള്‍ റേസ് കോഴ്സിലിറങ്ങുമ്പോള്‍ ഇറ്റലിയിലെ റോമ റേസ് കോഴ്സ്, യു.കെയിലെ ന്യൂബെറി, ജര്‍മനി, ആസ്ട്രേലിയ, നെതര്‍ലൻഡ്സ്, അയര്‍ലന്‍ഡ് മുതലായ രാജ്യങ്ങളിലെ കുതിര പ്രേമികൾ ഇന്നും ആര്‍ത്തിരമ്പുന്നു.
കാല്‍നൂറ്റാണ്ടിലേറെ കാലമായി യു.എ.ഇയിലും വിദേശരാജ്യങ്ങളിലും കുതിരയോട്ട മത്സരങ്ങളുടെ അണിയത്തും അമരത്തും മരണം വരെ അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു ശൈഖ് ഹംദാന്‍. അറേബ്യന്‍ കുതിരകളുടെ പടയോട്ടത്തിനായി പ്രത്യേകമായി മത്സരങ്ങള്‍ ശൈഖ് ഹംദാന്‍ ഈ രാജ്യങ്ങളില്‍ നടത്തിയിരുന്നു. തീര്‍ത്തും സൗജന്യമായി കാണികള്‍ക്ക് പ്രവേശനം അനുവദിക്കുകയും പലതരത്തിലുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഹെലികോപ്ടറില്‍ സഹോദരങ്ങളോടൊപ്പം മത്സരം വീക്ഷിക്കാനെത്തുന്ന ശൈഖ് ഹംദാന്‍ മത്സരങ്ങള്‍ അവസാനിക്കും വരെ വേദിയിലിരിക്കുമായിരുന്നെന്ന് മാറഞ്ചേരി സ്വദേശിയും കാല്‍ നൂറ്റാണ്ടോളം ജബല്‍ അലി റേസ് കോഴ്സിന്‍റെ ഇവന്‍റ് മാനേജറായും 17 വര്‍ഷമായി വിവിധ രാജ്യങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന നടനും സംഗീത സംവിധായകനുമായ ബഷീര്‍ സില്‍സില ഓര്‍ക്കുന്നു.
യു.എ.ഇയിലെ കുതിരയോട്ടങ്ങളുടെ രാജശില്‍പി
യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നടക്കുന്ന കുതിരയോട്ട മത്സരങ്ങളുടെ പ്രധാന സ്പോണ്‍സറും മത്സരങ്ങളെ അന്താരാഷ്ട്ര പ്രശസ്തിയില്‍ എത്തിച്ച ശില്‍പിയുമായിരുന്നു ശൈഖ് ഹംദാന്‍. മത്സരങ്ങളുടെ 60 ശതമാനം പങ്കാളിത്തവും ശൈഖ് ഹംദാന്‍ ഏറ്റെടുത്തിരുന്നുവെന്ന് ഈ മേഖലയില്‍ വിവിധ തസ്തികകളില്‍ ജോലിചെയ്യുന്ന മലയാളികള്‍ അനുസ്മരിക്കുന്നു. ദുബൈയിലെ പ്രശസ്തമായ അല്‍ നാസര്‍, ഹദൈബത്ത് സ്റ്റേബിളുകള്‍ ശൈഖ് ഹംദാന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു.
ഇവിടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോട് വളരെ സ്നേഹത്തിലും സൗഹാര്‍ദത്തിലുമായിരുന്നു ശൈഖ് ഹംദാന്‍റെ സമീപനമെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ദുബൈ പോളോ ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ്, ഗാന്‍തൂത് പോളോക്ലബ്, ഡെസേര്‍ട്ട് പാം പോളോക്ലബ്, അല്‍ ഹബ്തൂര്‍ പോളോക്ലബ് എന്നിവയിലും അബൂദബി ഇക്വസ്ട്രിയന്‍ ക്ലബ്, ഷാര്‍ജ ഇക്വസ്ട്രിയന്‍ ക്ലബ്, അജ്മാന്‍ ഇക്വസ്ട്രിയന്‍ ക്ലബ് എന്നിവിടങ്ങളിലും ശൈഖ് ഹംദാന്‍റെ കുതിരസ്നേഹം നിറഞ്ഞൊഴുകിയിരുന്നു.