വെള്ളിത്തിരയുടെ വര്‍ത്തമാനങ്ങളുമായി ലൈറ്റ്സ്, കാമറ, ആക്ഷന്‍
text_fieldsലൈറ്റ്സ് കാമറ ആക്ഷനിൽ പ്രേക്ഷകരുമായി സംവദിക്കുന്ന ലാൽ ജോസ്, ചിദംബരം,
സുരഭി ലക്ഷ്മി എന്നിവർ ആർജെ ജോണിനൊപ്പം
ഷാര്‍ജ: സിനിമ വര്‍ത്തമാനങ്ങളുമായി പ്രേക്ഷകരുടെ ഉള്ളംനിറച്ച് ലൈറ്റ്സ് കാമറ ആക്ഷൻ. സംവിധായകരായ ലാല്‍ ജോസും ചിദംബരവും നടി സുരഭി ലക്ഷ്മിയുമാണ് വെള്ളിത്തിരയുടെ വെള്ളിവിളിച്ചങ്ങളില്ലാതെ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്നത്.
യാത്രകള്‍ പല തരത്തിൽ സിനിമയെ സ്വാധീനിക്കാറുണ്ടെന്ന് ലാല്‍ ജോസ് പറഞ്ഞു. പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ കഥാപാത്രം നിലനില്ക്കണമെങ്കില് തികഞ്ഞ പരിശീലനം ആവശ്യമാണ്. ജീവിതത്തില്‍ എന്തിനും ഒരവസരമേ ലഭിക്കൂ. ആ അവസരം മനോഹരമാക്കാന്‍ പരിശീലനം കൂടിയേ തീരൂ. നമ്മുടെ പ്രകടനങ്ങൾ എന്ജോയ് ചെയ്യാന്‍ പരിശീലനം അത്യാവശ്യമാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. എല്ലാ ആളുകളുടെ കൈയിലും ഓരോ കഥയുണ്ട്. അത് ആ ആളുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരിക്കാം. എന്നാല്‍ ഈ കഥ കേള്‍ക്കാന്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് എന്ത് താൽപര്യമുണ്ട് എന്നുള്ളതാണ് ഒരു സംവിധായകന് ചിന്തിക്കുന്നത്. എല്ലാവരുടെയും കൈയിലുള്ള കഥകൾ സിനിമയായി പരിണമിക്കണമെന്നില്ല.
ഇത് കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് എന്താണോ എന്ന ചോദ്യം ചോദിക്കാതെ എടുക്കുന്ന സിനിമകളാണ് ഒരു ദിവസത്തെ ഷോ പോലും പൂര്‍ത്തിയാക്കാനാകാതെ പോകുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു. സംവിധായകന് എന്ന നിലയില്‍ ഇവിടെ എന്തെങ്കിലും സിനിമയുണ്ടോ എന്ന് എല്ലാ യാത്രയിലും തിരക്കുമെന്ന് ജാനേമൻ, മഞ്ഞുമ്മല്‍ ബോയ്സ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന് ചിദംബരം പറഞ്ഞു.
ആളുകള്‍ക്ക് ആവര്‍ത്തന വിരസത എങ്ങനെ ഒഴിവാക്കാം എന്നതാണ് ഏറ്റവും വലിയ ചലഞ്ച് എന്നും ചിദംബരം ചേര്‍ത്തു പറഞ്ഞു. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ഏത് മേഖലയിലും അനുഭവ സമ്പത്ത് ആവശ്യമാണെന്നത് പോലെ സിനിമയിലും ആവശ്യമാണെന്ന് ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി പറഞ്ഞു. ഫ്ലെക്സിബിള്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ തികഞ്ഞ പരിശീലനം ആവശ്യമാണ്. അതിലൂടെ മാത്രമെ കഥാപാത്രത്തിന് വിശ്വാസ്യത നല്കാന് കഴിയൂ എന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി. ഹിറ്റ് എഫ്.എം ആർജെ ജോൺ ആയിരുന്നു മോഡറേറ്റർ.


