കോമേഴ്സിൽ സുവർണ നേട്ടവുമായി ലുബൈബ
text_fieldsമാതാപിതാക്കൾക്കൊപ്പം
ലുബൈ
ദൃഢനിശ്ചയവും പരിശ്രമവും ഒത്തു ചേര്‍ന്നപ്പോള്‍ കണ്ണൂര്‍ക്കാരി ലുബൈബയ്ക്ക് കരഗതമായത് യൂനിവേഴ്സിറ്റി ഗോള്‍ഡ് മെഡല്‍. ദുബൈ അമിറ്റി യൂനിവേഴ്സിറ്റി എന്ന അന്താരാഷ്ട്ര അക്കാദമിക് വേദിയില്‍ നിന്ന് ബി.കോം (ഓണേഴ്സ്) കോഴ്സില്‍ ഏറ്റവും ഉയര്‍ന്ന സി.ജി.പി.എ. (മുഴുവന്‍ പഠനകാലത്തെ മാര്‍ക്കുകള്‍ ഒന്നിച്ച് കൂട്ടി ലഭിക്കുന്ന ശരാശരി പോയിന്റ്) നേടിയിരിക്കുന്നു കണ്ണൂര്‍ മാടായി പുത്തിയങ്ങാടിയില് നിന്നുള്ള ഈ 21കാരി. 10ല്‍ 9.7 എന്ന മികച്ച നേട്ടത്തോടെ അക്കാദമിക് പ്രകടനത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള ഗോള്‍ഡ് മെഡലാണ് ലുബൈബയെ തേടിയെത്തിയത്. അമിറ്റി ദുബൈയിലെ മൂന്ന് വര്‍ഷത്തെ പഠനകാലം മുഴുവന്‍ ലുബൈബയുടെ അക്കാദമിക് സ്ഥിരത ശ്രദ്ധേയമായിരുന്നു. ആദ്യ വര്‍ഷം 100 ശതമാനം സ്കോളര്‍ഷിപ്പോടെയാണ് സര്‍വകലാശാലയില്‍ ചേര്‍ന്നത്. പഠനത്തില്‍ കാട്ടിയ തുടര്‍ച്ചയായ മികവ് രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലും 50 ശതമാനം വീതം സ്കോളര്‍ഷിപ്പിന് അര്‍ഹയാക്കി.
തുടര്‍ച്ചയായ ആറ് സെമസ്റ്ററുകള്‍ ക്ലാസ് റെപ്രസന്റേറ്റീവായും തിരഞ്ഞെടുക്കപ്പെട്ട് നേതൃ പാടവവും തെളിയിച്ചു. ഡിഗ്രി കോഴ്സിനിടെ എ.സി.സി.എ. പഠനവും തുടര്‍ന്ന ലുബൈബ, അവസാന പേപ്പറിന്റെ ഫലം കാത്തിരിക്കുകയാണ്. ഗ്രേഡ് 9 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് ക്ലാസുകള്‍ എടുക്കുന്ന ഈ മിടുക്കിക്ക്, അധ്യാപനം പാഷനായി തുടരാനാണ് ആഗ്രഹം. ആറാം ക്ലാസ് വരെ കേരളത്തിലായിരുന്നു പഠനം. പിന്നീട് യു.എ.ഇയിലേക്ക് താമസം മാറുകയും അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളില്‍ പഠനം തുടരുകയും ചെയ്തു. പത്താം ക്ലാസില്‍ 95 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 94 ശതമാനവുമാണ് മാര്‍ക്ക് നേടിയത്. ലുബൈബയുടെ അക്കാദമിക് മികവും കഴിവും തിരിച്ചറിഞ്ഞ യൂനിവേഴ്സിറ്റി തന്നെ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങളും ഒരുക്കി. അക്കൗണ്ടന്റ് ആൻഡ് ഓഡിറ്റിങ് മേഖലയില്‍ മികച്ച കരിയര്‍ കണ്ടെത്തുകയാണ് ആഗ്രഹം. ഒപ്പം സാമൂഹിക പിന്നാക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കാനുള്ള സ്വപ്ന പദ്ധതികളുമുണ്ട്. പിതാവ് മാടായി പുതിയങ്ങാടി ഷമീമ മഹലില്‍ തയ്യിബ് അക്കൗണ്ടിങ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. മാതാവ് ഷമീമ. റാനിയ, സെബ എന്നിവർ സഹോദരങ്ങളാണ്.


