മൂന്ന് പതിറ്റാണ്ട് പിന്നിട്ട പ്രയാണം
text_fields2000 നവംബറിൽ ലുലുവിെൻറ ആദ്യ ഹൈപ്പർമാർക്കറ്റ് ദുബൈ കിസൈസിൽ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ഉദ്ഘാടനം ചെയ്യുന്നു. എം.എ. യൂസുഫലി സമീപം
ദുബൈ: 90കളുടെ തുടക്കത്തിൽ എം.എ. യൂസുഫലിയെന്ന നാട്ടികക്കാരൻ തുടങ്ങിവെച്ച ചെറിയ പ്രസ്ഥാനമാണ് വളർന്നുപന്തലിച്ച് ആയിരങ്ങൾക്ക് അത്താണിയായി തലയുയർത്തി നിൽക്കുന്നത്. ഗൾഫിെൻറ പ്രതിസന്ധികാലഘട്ടത്തിലെല്ലാം പതറാതെ പിടിച്ചുനിന്നാണ് ലുലുവിനെ നട്ടുനനച്ച് അദ്ദേഹം വളർത്തിയെടുത്തത്. 90കളിൽ സൂപ്പർ മാർക്കറ്റായി തുടങ്ങിയ ലുലുവിെൻറ പ്രയാണത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചത് 2000 നവംബറിൽ ആദ്യ ഹൈപ്പർമാർക്കറ്റ് തുറന്നതോടെയാണ്. ദുബൈ കിസൈസിൽ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദാണ് ഉദ്ഘാടനം നിർവഹിച്ചത്. ഈ ശൃംഖലയാണ് ഇന്ന് ഡബ്ൾ സെഞ്ച്വറി തികച്ച് നോട്ടൗട്ടായി മുന്നേറുന്നത്.
മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമായിരുന്നു ലുലുവിേൻറത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ദീർഘവീക്ഷണവും കൊണ്ട് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സേവന മുദ്ര പതിപ്പിച്ചാണ് യൂസുഫലിയും ലുലുവും വളർന്നത്. 58,000ത്തോളം പേരുടെ അത്താണിയാണ് ഇന്നീ സ്ഥാപനം. ഇതിൽ 27,000 പേരും നമ്മുടെ സ്വന്തം കേരളത്തിൽ നിന്നാണ്. യു.എസ്, യു.കെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സ്വന്തമായി സംഭരണ കേന്ദ്രങ്ങളും ലുലുവിനുണ്ട്. കേരളത്തിലെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. കോട്ടയം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടാണ്. കളമശ്ശേരിയിലെ ഭക്ഷ്യസംസ്കരണ കേന്ദ്രം, കൊച്ചിയിലെ മത്സ്യസംസ്കരണ കേന്ദ്രം എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, ബംഗളൂരു, ലഖ്നോ എന്നിവിടങ്ങളിലെ ലുലു മാൾ ഉടൻ പൂർത്തിയാകും.
മഹാമാരിയുടെ കാലത്ത് പ്രവാസികളെ താങ്ങിനിർത്തുന്നതിലും ലുലു വഹിച്ച പങ്ക് ചെറുതല്ല. ലോക്ഡൗൺ സമയത്ത് ഓൺലൈൻ ഷോപ്പിങ്ങിലൂടെ താമസ സ്ഥലങ്ങളിൽ സാധനങ്ങൾ എത്തിച്ചും ഇളവുകൾ നൽകിയും പ്രവാസികളെ ചേർത്തുനിർത്തി. ഭൂരിപക്ഷം സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളത്തിൽ കൈവെച്ചപ്പോൾ ഒരു രൂപ പോലും വെട്ടിക്കുറക്കാതെ ശമ്പളം നൽകാനും കഴിഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ അറബ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലക്ക് ചെറുതല്ലാത്ത പിന്തുണ നൽകാനും ലുലുവിന് കഴിഞ്ഞു.