വലിയ ഇടയന്റെ അപൂർവ കഥ പറയുന്ന കാമറക്കണ്ണുകൾ
text_fieldsഅനിൽ പകർത്തിയ പോപ്പിന്റെ ചിത്രങ്ങൾ
ദുബൈ: ആഗോള കത്തോലിക്ക വിശ്വാസികളുടെ വലിയ ഇടയൻ വിട പറയുമ്പോൾ അദ്ദേഹത്തിന്റെ അപൂർവ നിമിഷങ്ങൾ കാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാൻ ഭാഗ്യം ലഭിച്ച ഒരു മലയാളി ഫോട്ടോഗ്രാഫറുണ്ട് പ്രവാസ ലോകത്ത്. പത്തനം തിട്ട കോഴഞ്ചേരി സ്വദേശിയും ബഹ്റൈനിൽ പ്രവാസിയുമായ അനിൽ കുഴിക്കാല. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിഞ്ഞ 2022ൽ ആണ് അനിലിനെ തേടി ആ ഭാഗ്യം കൈവന്നത്.
ബഹ്റൈൻ രാജാവായ ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ക്ഷണം സ്വീകരിച്ച് നാലു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പോപ്പ് ഫ്രാൻസിസ് മാർപാപ്പ. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി പാപ്പയുടെ സന്ദർശനം കവർ ചെയ്യാൻ അവസരം ലഭിച്ചത് അനിലിന്റെ മീഡിയ കമ്പനിക്കായിരുന്നു. ബഹ്റൈനിലെ ഈസ ടൗൺ നാഷനൽ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. കോവിഡ് മൂലം കനത്ത സുരക്ഷയിലാണ് ഓരോ നീക്കങ്ങളും നടന്നത്. നേരത്തേ ബുക്ക് ചെയ്തവർക്ക് മാത്രമായിരുന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശനം.
തിങ്ങിനിറഞ്ഞ വിശ്വാസികൾക്കിടയിലൂടെ വീൽചെയറിലെത്തിയ പാപ്പയുടെ ഓരോ ചലനവും അതിശ്രദ്ധയോടെ അനിൽ പകർത്തിയെടുത്തു. അതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാത്ത അപൂർവസംഗമത്തിന് അവസരം കൈവന്നത്. പാപ്പയുടെ ഫോട്ടോ എടുക്കുന്നതിനിടയിൽ അദ്ദേഹത്തെ അടുത്ത് കാണാൻ അവസരം ലഭിച്ചു. പരിചയപ്പെടുന്നതിനായി വീൽചെയറിന് അടുത്തേക്ക് ചെന്നു നിലത്ത് കുത്തിയിരുന്നു. ഒരു ഫോട്ടോ എടുക്കണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പക്ഷെ, സംഭവിച്ചത് മറ്റൊന്നായിരുന്നു. പാപ്പ അദ്ദേഹത്തിന്റെ ഇരു കൈയും ചേർത്തുപിടിച്ചു. ആ നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന് അനിൽ പറയുന്നു.
താൻ ഇന്ത്യയിൽനിന്നാണെന്ന് ദ്വിഭാഷിയുടെ സഹായത്തോടെ പാപ്പയെ അറിയിച്ചപ്പോൾ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ കൈ തന്റെ കൈയോട് ചേർത്തുപിടിച്ചു. അനുകമ്പയും സ്നേഹവും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റം ഒരിക്കലും മനസ്സിൽനിന്ന് മായില്ല. ആ ഫോട്ടോ പിന്നീട് ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഫ്രണ്ട് റിക്വസ്റ്റുകളുടെ പ്രവാഹമായിരുന്നെന്ന് അനിൽ ഓർക്കുന്നു. ഒരിക്കൽ ബഹ്റൈനിലെ ഇന്ത്യൻ ക്ലബിൽ എത്തിയപ്പോൾ അനിലിന്റെ കൈ മുത്താനും വിശ്വാസികളുടെ തിരക്കായിരുന്നു.
അന്ന് പോപ്പ് വന്ന കാർ ബഹ്റൈനിലെ നാഷനൽ മ്യൂസിയത്തിൽ ഇന്നും സൂക്ഷിക്കുന്നുണ്ട്. ഫോട്ടോഗ്രഫി പ്രഫഷനലായി പഠിച്ച അനിൽ 25 വർഷമായി ബഹ്റൈനിൽ പ്രവാസിയാണ്. നിരവധി ജോലികൾ ചെയ്ത ശേഷം 10വർഷം മുമ്പാണ് മീഡിയ ലൈവ് എന്ന പേരിൽ വിഡിയോ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. പരേതനായ ഗോപാലന്റെയും നളിനിയുടെ മകനാണ് അനിൽ. ഭാര്യ സൂര്യക്കും മകൾ ഒമ്പതാം ക്ലാസുകാരി ആർദ്രക്കുമൊപ്പം ബഹ്റൈനിൽ കുടുംബ സമേതമാണ് താമസം.