ദുബൈയിൽ മറൈൻ സ്റ്റേഷൻ വിശ്രമകേന്ദ്രങ്ങൾ നവീകരിക്കുന്നു
text_fieldsനവീകരിച്ച മറൈൻ സ്റ്റേഷൻ വിശ്രമകേന്ദ്രം
ദുബൈ: നഗരത്തിലെ സമുദ്ര ഗാതാഗത സ്റ്റേഷനുകളിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. അഞ്ച് പ്രധാന സ്റ്റേഷനുകളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. അൽ ഫഹീദി, ബനിയാസ്, അൽ സീഫ്, ശൈഖ് സായിദ് റോഡ്, ബ്ലയൂ വാട്ടേഴ്സ് എന്നീ സ്റ്റേഷനുകളിലെ വിശ്രമകേന്ദ്രങ്ങളാണ് പുതുക്കുന്നത്. യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
നൂതനമായ എ.സി സംവിധാനം സ്ഥാപിക്കൽ, യാത്രക്കാർക്കും നിശ്ചയദാർഡ്യ വിഭാഗക്കാർക്കും പ്രത്യേകമായ വിശ്രമ സ്ഥലങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും. അന്താരാഷ്ട്ര തലത്തിലെ നിലവാരമനുസരിച്ചാണ് നവീകരണം നടപ്പിലാക്കുന്നത്. നഗരത്തിന്‍റെ പൈതൃകത്തെയും സംസ്കാരത്തെയും ആഘോഷമാക്കുന്ന രൂപകൽപനയാണ് കേന്ദ്രങ്ങൾക്ക് ആസൂത്രണം ചെയ്തിട്ടുള്ളത്.
ദുബൈയിലെ സമുദ്ര ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് സംരംഭമെന്നും, ഇതിലൂടെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായും ആർ.ടി.എയിലെ പബ്ലിക് ട്രാൻസ്പോർട് ഏജൻസിയിലെ മറൈൻ ട്രാൻസ്പോർട് വിഭാഗം ഡയറക്ടർ ഖലഫ് ബിൽഗുസൂസ് അൽ സറൂനി പറഞ്ഞു. മറൈൻ സ്റ്റേഷനുകൾ മറ്റു പൊതു ഗതാഗത സംവിധാനങ്ങളായ ബസുകൾ, മെട്രോ സ്റ്റേഷനുകൾ, ട്രാം എന്നിവയുമായി സംയോജിപ്പിച്ചാണുള്ളതെന്നും, ഇത് സഞ്ചാരികൾക്കും താമസക്കാർക്കും എളുപ്പത്തിലുള്ള യാത്രക്ക് സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവീകരിക്കുന്ന സ്റ്റേഷനുകൾ യാത്രക്കാരുടെ ആവശ്യവും തന്ത്രപ്രധാന പ്രാധാന്യവും കണക്കിലെടുത്താണ് തെരഞ്ഞെടുത്തിരിക്കുന്നത്.