Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാഴ് വസ്തുക്കളിൽ...

പാഴ് വസ്തുക്കളിൽ വിരിയുന്ന സൗന്ദര്യം

text_fields
bookmark_border
പാഴ് വസ്തുക്കളിൽ വിരിയുന്ന സൗന്ദര്യം
cancel

ഉപയോഗശൂന്യമായി കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെടുന്ന പാഴ് വസ്തുക്കളിൽ നിന്ന് മനോഹര നിർമിതികൾ രൂപപ്പെടുത്തുകയാണ് പ്രവാസി മലയാളിയായ ശ്രീവത്സവക്ഷസ്. ഏത് പാഴ്വസ്തുക്കളായാലും ശ്രീവത്സവക്ഷസിന്‍റെ കരവിരുതിൽ അത് മനോഹര ചിത്രങ്ങളും രൂപങ്ങളുമായി രൂപാന്തരം പ്രാപിക്കും. അധ്യാപകൻ കൂടിയായ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുനചംക്രമണം കലയിലാണ്. ഉപയോഗശൂന്യമായവയിൽ നിന്നും ഉപയുക്തമായ കലാസൃഷ്ടികൾ നിർമിക്കുകവഴി മാലിന്യ വിമുക്തമായ മനോഹര ലോകം പടുത്തുയർത്താനുളള സന്ദേശവും പ്രചോദനവും കുട്ടികൾക്കു നൽകുകയാണ് ലക്ഷ്യം.

കുട്ടികളെ പങ്കാളികളാക്കി നിർമിച്ച ഒട്ടേറെ കലാസൃഷ്ടികൾ സ്കൂളിന്‍റെ ചുവരുകളിൽ ഇടം പിടിച്ചിട്ടുണ്ട്. വിവിധ വർണത്തിലുള്ള 12000 ലധികം പ്ലാസ്റ്റിക് ബോട്ടിലിന്‍റെ അടപ്പുകൾ ഉപയോഗിച്ച് ശൈഖ് സായിദിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ ‘ടേൺ ദ ഡസർട്ട് ഇന്‍റു ഗ്രീൻ ഹെവൻ’ എന്നത് ഇതിൽ ഏറ്റവും മനോഹരമായ സൃഷ്ടിയാണ്. 15 x 8 അടി വിസ്തൃതിയിൽ അൽഐൻ ഒയാസിസ്‌ ഇന്‍റർനാഷണൽ സ്കൂളിന്‍റെ ചുവരിലാണ് ഈ മ്യൂറൽ ചിത്രം സുന്ദരക്കാഴ്ചയൊരുക്കുന്നത്. പിസ്താചിയുടെ തൊലി, പ്ലാസ്റ്റിക് സ്പൂൺ, സ്ട്രോ എന്നിവ ഉപയോഗിച്ച് നിർമിച്ച ഇന്ത്യ-യു.എ.ഇ ബന്ധം വിളിച്ചോതുന്ന ചുവർ ചിത്രവും ഏകെ ആകർഷണീയമാണ്. യു.എ.ഇയുടെ ദേശീയ മൃഗമായ ഓറിക്സ്, ദേശീയ പക്ഷിയായ ഫാൽക്കൺ, ദേശീയ മരമായ ഗാഫ് എന്നിവയുടെ രൂപങ്ങൾ ആറ് അടിയിലധികം ഉയരമുളള ശില്പങ്ങളാക്കി സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാ പാഴ് വസ്തുക്കളിൽ നിന്നാണ് ജീവസ്സുറ്റ നിർമിതികളായത്. 800ൽ അധികം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ച പടുകൂറ്റൻ പെൻസിലിന്‍റെ രൂപം, കർട്ടൂൺ കഥാപാത്രം എന്നിവ ഇത്തവണത്തെ അധ്യയന വർഷാരംഭത്തിൽ സ്കൂളിലെത്തിയ കുട്ടികളെ വരവേറ്റ പ്രധാന ആകർഷണങ്ങളായിരുന്നു.

സ്റ്റോൺ ആർട്ട്, സാന്‍റ് ആർട്ട്, സാരി പെയിന്‍റിങ്, ഓർണമെന്‍റ്സ് നിർമാണം, ശില്പകല, മ്യൂറൽ പെയിന്‍റിങ്, പോട് പെയിന്‍റിങ് എന്നിവയിലും ഇദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഇവ കൂടാതെ നൃത്തം, വീണ എന്നിവയും ഇഷ്ട മേഖലയാണ്. പെൻസിൽ ഡ്രോയിങ്, പോർട്രൈറ്റ് ഡ്രോയിങ്, ഓയിൽ പെയിന്‍റിങ്, അത്രിലിക് പെയിന്‍റിങ് തുടങ്ങി നിരവധി ദ്വിമാന ത്രിമാന ചിത്രങ്ങളുടെ പ്രദർശനങ്ങൾ കേരളത്തിലും, തമിഴ്നാട്ടിലും, യു.എ.ഇയിലുമായി നടത്തിയിട്ടുണ്ട്. ചെറുപ്പം ചിത്ര കലയോട് താൽപര്യമുണ്ടായിരുന്ന ശ്രീവത്സവക്ഷസ് സ്കൂൾ, കോളജ് തലങ്ങളിലെ യുവജനോത്സവങ്ങളിൽ ജില്ലാതലങ്ങളിലും സംസ്ഥാനതലങ്ങളിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയ കാലാകാരനാണ്. പെയിന്‍റിങ്ങിൽ ബിരുദവും ഇംഗ്ലീഷ്, സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവുമുള്ള ശ്രീവത്സവക്ഷസ്, തിരുവനന്തപുരം കരമന സ്വദേശിയാണ്.

1996 അദ്ധ്യാപനം തുടങ്ങിയ ഇദ്ദേഹം 2014 മുതൽ യു.എ.ഇയിൽ ചിത്രകലാ അദ്ധ്യാപകനായി ജോലിചെയ്യുന്നു. പഠനവൈകല്യമുള്ള കുട്ടികളുടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ട്രെയ്നറായി 2005 മുതൽ പ്രവർത്തിച്ചു വരുന്നു. അൽഐൻ ഓയാസിസ്‌ ഇന്‍റർനാഷണൽ സ്കൂളിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഭാര്യ സീത, മകൾ സാത്വിക വക്ഷസ്.

Show Full Article
TAGS:plastic waste 
News Summary - Materials made from Plastic waste
Next Story