യു.എ.ഇയിൽ പകുതിയിലേറെ പേർക്കും വേണ്ടത് ഇലക്ട്രിക് വാഹനങ്ങൾ
text_fieldsദുബൈ: യു.എ.ഇ താമസക്കാരിൽ 52ശതമാനംപേരും വാങ്ങുകയോ വാടകക്ക് എടുക്കുകയോ ചെയ്യുന്നത് ഇലക്ട്രിക് വാഹനങ്ങൾ. ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളേക്കാൾ കുറഞ്ഞ ചെലവാണ് ഇ.വികൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകാൻ കാരണമെന്ന് ‘റോളണ്ട് ബർഗർ’ പുറത്തുവിട്ട പഠനത്തിൽ പറയുന്നു. പരിസ്ഥിതി സംരക്ഷണവും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന കാര്യക്ഷമതയുമാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുമുള്ള മറ്റ് പ്രധാന പരിഗണനകളെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയുടെ എണ്ണത്തിൽ ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയാണ് മുന്നിട്ടുനിൽക്കുന്നത്. 2024ൽ മാത്രം രാജ്യത്ത് 24,000 ബാറ്ററി, ഹൈബ്രിഡ് വാഹനങ്ങൾ വിറ്റുപോയതാണ് കണക്ക്. അതേസമയം സൗദി അറേബ്യയിൽ 2023നെ അുപക്ഷിച് കഴിഞ്ഞ വർഷം ഇ.വി വിൽപന പത്തിരട്ടിയായിട്ടുണ്ട്. 11,000ത്തിലേറെ ഇലക്ട്രിക് വാഹനങ്ങളാണ് സൗദിയിൽ 2024ൽ വിറ്റുപോയത്. ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും യു.എ.ഇ മുന്നിലാണുള്ളത്. ഈവർഷം ആഗസ്റ്റ് വരെ ദുബൈയിൽ മാത്രം 1,270ലധികം പൊതു ചാർജിങ് പോയിന്റുകളുണ്ട്. ദുബൈയിൽ ഇ.വി ഫാസ്റ്റ് ചാർജിങ് ശൃംഖല വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ) എനോക് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചിട്ടുമുണ്ട്. ജി.സി.സി രാജ്യങ്ങളിലുടനീളം ഇ.വികളുടെ വിൽപനയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ശക്തമാണ്.
മൊത്തത്തിലുള്ള ഉപയോക്താക്കളുടെ ചാർജിങ് സംതൃപ്തിയിലും ശ്രദ്ധേയമായ മുന്നേറ്റമുണ്ട്. ഖത്തറിൽ ഇത് 97 ശതമാനമാണ്. യു.എ.ഇ (95 ശതമാനം), സൗദി അറേബ്യ (94 ശതമാനം) എന്നിവയാണ് പിന്നാലെയുള്ളത്. അമേരിക്ക(91 ശതമാനം), യൂറോപ്പ് (89 ശതമാനം) പോലുള്ള ഇ.വി വിപണികളെക്കാൾ മികച്ച പ്രകടനം ജി.സി.സി മേഖല കാഴ്ചവെക്കുന്നതായും ഇ.വി ചാർജിങ് സൂചികയിൽ റോളണ്ട് ബർഗർ ചൂണ്ടിക്കാണിക്കുന്നു. ശരാശരി ഇലക്ട്രിക് വാഹന ചാർജിങിന്റെ 50 ശതമാനവും ഹോം ചാർജിങ് വഴിയാണെന്ന് പഠനം കണ്ടെത്തി. സ്വകാര്യ ഹോം ചാർജർ ഉടമസ്ഥതയിൽ സൗദി അറേബ്യയാണ് മുന്നിൽ. ഇവിടെ 62 ശതമാനം ഇലക്ട്രിക് വാഹന ഡ്രൈവർമാർക്കും സ്വന്തമായി യൂണിറ്റ് ഉണ്ട്. യു.എ.ഇയിൽ 33 ശതമാനം ഇലക്ട്രിക് വാഹന ഉടമകളും സെമി-പ്രൈവറ്റ് അല്ലെങ്കിൽ ഷെയേർഡ് ചാർജറുകൾ ഉപയോഗിക്കുന്നവരാണ്.