മാതാവിനെതിരെ സദാചാര കുറ്റം; മക്കളുടെ സംരക്ഷണം പിതാവിന് നൽകി കോടതി
text_fieldsഅൽഐൻ: സദാചാര കുറ്റം ചൂണ്ടിക്കാട്ടി മാതാവിൽ നിന്ന് നാല് കുട്ടികളുടെ സംരക്ഷണം പിതാവിന് കൈമാറി അൽ ഐനിലെ കോടതി. അറബ് വംശജയായ യുവതിക്കെതിരെ മുൻ ഭർത്താവ് സമർപ്പിച്ച ഹരജിയിലാണ് അൽഐൻ സിവിൽ, കൊമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിം കോടതി വിധി പ്രസ്താവിച്ചത്. ക്രിമിനൽ കേസിൽ ശിക്ഷ ലഭിച്ചതിനാൽ തന്‍റെ കുട്ടികളെ വളർത്താൻ മാതാവ് യോഗ്യയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഭർത്താവ് കോടതിയെ സമീപിച്ചത്.
വിദേശിയായ അന്യ പുരുഷനുമായി ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കണ്ടെത്തിയിരുന്നതായി മുൻ ഭർത്താവ് ആരോപിച്ചു. സംഭവത്തിൽ സദാചാര ലംഘനത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതായും ഭർത്താവ് ബോധിപ്പിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നതോടെ സംരക്ഷക എന്ന നിലയിലുള്ള വിശ്വാസം യുവതിക്ക് നഷ്ടപ്പെട്ടതായി വ്യക്തമാക്കുകയും കുട്ടികളുടെ സംരക്ഷണം യുവാവിന് വിട്ടുനൽകി വിധി പ്രസ്താവിക്കുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം എന്നത് ഉത്തരവാദിത്തവും വിശ്വാസവുമാണെന്നും ഈ വിശ്വാസം നിറവേറ്റുന്നതിന് നിയമരപമായ കീഴ്വഴക്കം ഉയർത്തിപ്പിടിക്കുന്ന മതപരമായ പ്രതിബദ്ധതയും കഴിവും ആവശ്യമാണെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. മുൻ ഭർത്താവ് മയക്കുമരുന്നിന് അടിമയാണെന്ന് യുവതിയുടെ ആരോപണ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളുകയും ചെയ്തു.