പലവർണ പേരക്ക
text_fieldsനല്ലൊരു അലങ്കാര ചെടിയായും പഴചെടിയായും വളർത്താവുന്നതാണ് പലവർണ പേരക്ക (പിസിഡീയം ഗൗജാവ). തായ്ലാൻഡാണ് സ്വദേശം. പേരു പോലെ തന്നെ ഇതിന്‍റെ ഇലകൾക്ക് രണ്ടു കളറാണുള്ളത്. പച്ചയും വെള്ളയും. കാണാൻ മനോഹരമാണീ ചെടി. അതുകൊണ്ട് തന്നെ നമ്മുടെ ഗാർഡനിൽ വളർത്താൻ പറ്റുന്ന ഒന്നാണിത്. ഇതിന്‍റെ കായ്ക്ക് പച്ചയും വെള്ളയും കലർന്ന നിറമാണ്. നല്ലത് പോലെ വിളഞ്ഞാൽ ഇതിന്‍റെ തൊലിയുടെ നിറം മഞ്ഞ ആകും. പിങ്ക് കളർ ആണ് അകവശം.
നല്ലത് പോലെ സൂര്യപ്രകാശം വേണ്ട ചെടിയാണ് പേരക്ക. പേരക്കയുടെ ഗുണം അതിന്‍റെ മണ്ണും, സൂര്യപ്രകാശവും, നമ്മൾ പ്രയോഗിക്കുന്ന അടിവളത്തേയും ആശ്രയിച്ചിരിക്കും. കായ് പിടിച്ചു കുറച്ചു കഴിയുമ്പോൾ നല്ല കട്ടിയാണ്. പിന്നീട് വിളഞ്ഞു വരുമ്പോഴാണ് അതിന്‍റെ കളർ മാറുന്നതും കട്ടി കുറയുന്നതും. പേരയിൽ പൂക്കൾ പിടിച്ചു കഴിഞ്ഞു പേരക്ക വിളയാൻ നാലു മാസമെടുക്കും.
നടുന്ന സമയത്ത് അടിവളമായി എല്ലുപൊടി, കുമായം, വേപ്പും പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയൊക്കെ ചേർക്കാം. പിന്നീട് ആറു മാസം കഴിഞ്ഞ് ഏതെങ്കിലും വളം കൊടുത്താൽ മതി. ഇതൊന്നുമില്ലേൽ ചാണകപ്പൊടിയും എല്ലുപൊടിയും മതി. വിളവെടുത്തു കഴിഞ്ഞാൽ കൊമ്പ് കോതി കൊടുക്കണം. എങ്കിലേ നല്ലതുപോലെ അടുത്ത തവണ കാഴ്‌കൾ പിടിക്കുകയുള്ളു. നല്ല ആകൃതിയിൽ നിർത്താൻ പറ്റൂ.
നമുക്ക് ബാൽക്കണിയിൽ ഡ്രമ്മിൽ വളർത്താൻ പറ്റുന്ന ഒന്നാണിത്. നല്ല ഡ്രൈനേജ് വേണം. ചെടി നട്ട് ചുരുങ്ങിയത് മൂന്നു മാസമെങ്കിലും വെള്ളം നന്നായി കൊടുക്കണം.