എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ പുറത്തിറങ്ങുന്നു
text_fieldsഎം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ ജലീൽ ഹോൾഡിങ്‌സ് ഡയറക്ടർ ഡോ. സാക്കിർ കെ. മുഹമ്മദ് സംസാരിക്കുന്നു. എം.വി. കുഞ്ഞുമുഹമ്മദ് ഹാജി, ഫൈയാസ് അഹമ്മദ് എന്നിവർ സമീപം
ദുബൈ: അരനൂറ്റാണ്ടിലേറെ കാലമായി യു.എ.ഇയിലെ ബിസിനസ് രംഗത്തെ പ്രമുഖനും മനുഷ്യസ്നേഹിയുമായ എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ എന്ന തലക്കെട്ടിൽ പുസ്തകം നവംബർ എട്ടിന് ശനിയാഴ്ച ദുബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യുമെന്ന് ജലീൽ ഹോൾഡിങ്‌സ് ഡയറക്ടർ ഡോ. സാക്കിർ കെ. മുഹമ്മദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ദുബൈ അൽഖൂസിലെ ക്രഡൻസ് ഹൈസ്കൂളിലാണ് പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങ്.
യു.എ.ഇയുടെ രൂപവത്കരണത്തിന് മുമ്പ്, 1960കളുടെ അവസാനത്തിൽ പത്തേമാരിയിൽ സാഹസിക യാത്ര ചെയ്ത് ഇമാറാത്തിന്‍റെ മണ്ണിലെത്തിയ കുഞ്ഞുമുഹമ്മദ് ഹാജി ആദ്യകാല പ്രവാസത്തിലെ പ്രയാസങ്ങളെ അതിജീവിച്ച് വിജയംവരിച്ച ബിസിനസ് പ്രമുഖനാണ്. റാസൽഖൈമയിലെ ഭരണാധികാരിയുടെ വീട്ടിൽ ജോലി ചെയ്ത ശേഷം ദുബൈയിൽ ജലീൽ ട്രേഡേഴ്സ് എന്ന കമ്പനി സ്ഥാപിച്ച് ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചു.
ഇതാണ് പിന്നീട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജലീൽ ഹോൾഡിങ്‌സ് ഗ്രൂപ്പായി വികസിച്ചത്. ദുബൈ പഴം, പച്ചക്കറി മാർക്കറ്റിലെ ആദ്യകാല വ്യാപാരിയായ അദ്ദേഹം എമിറേറ്റിലെ ആദ്യകാല വ്യാപാര രംഗത്തെ രൂപപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിച്ചിട്ടുണ്ട്. യു.എ.ഇയിലും നാട്ടിലും വിവിധ വിദ്യാഭ്യാസ, ആരോഗ്യ സംരംഭങ്ങൾക്കും നേതൃപരമായ പങ്കുവഹിച്ചു. ‘മാധ്യമം ബുക്സാ’ണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ചടങ്ങിനോടനുബന്ധിച്ച് ‘തടാഗം ഫൗണ്ടേഷൻ’ നൽകുന്ന മൂന്നാമത് ജലീൽ കാഷ് ആൻഡ് കാരി വിദ്യാഭ്യാസ സ്കോളർഷിപ് വിതരണ ചടങ്ങും നടക്കും. പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ, യു.എ.ഇയിലെ ഗ്രോസറി, റസ്റ്റാറന്‍റ്, കഫ്റ്റീരിയ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളോ സഹോദരങ്ങളോ ആയ 30 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളായ ജീവനക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി 2022ൽ ആണ് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്.
വിദ്യാർഥികളുടെ ക്ഷേമത്തിനായി സംഭാവന അർപ്പിച്ച മികച്ച അധ്യാപകരെ ആദരിക്കുന്നതിനായി മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്)യുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ബെസ്റ്റ് ടീച്ചർ- ഇൻസ്പെയറിങ് ദ ഫ്യൂച്ചർ’ പുരസ്കാരവും ചടങ്ങിൽ പ്രഖ്യാപിക്കും. 25,000 ദിർഹമാണ് പുരസ്കാര തുക. വാർത്തസമ്മേളനത്തിൽ ജലീൽ ഹോൾഡിങ്‌സ് ചെയർമാൻ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി, മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്) ചെയർമാൻ ഫൈയാസ് അഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.


