Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മകനേ...നിന്‍റെ ആ...

‘മകനേ...നിന്‍റെ ആ ഖുർആൻ പാരായണം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു’

text_fields
bookmark_border
‘മകനേ...നിന്‍റെ ആ ഖുർആൻ പാരായണം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു’
cancel

ഫുജൈറ: നവംബർ 12ന് ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച 14 പേരിൽ ഒരാളായ ഇമാറാത്തി യുവാവ് റാശിദ് മൂസ അബ്ദുല്ല അൽ ദർമകിയുടെ അവസാന മണിക്കൂറുകളെക്കുറിച്ചുള്ള വേദനാജനകമായ ഓർമകൾ പങ്കുവെച്ച് കുടുംബവും അധ്യാപകനും. ഷാർജ സർവകലാശാലയിൽ സ്പേസ് സയൻസസ് ആൻഡ് അസ്ട്രോണമിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു റാശിദ്. അപകടത്തിന് മുൻപ് അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജയിൽ പഠിക്കുന്ന ഇളയ സഹോദരൻ ഉമറിനൊപ്പം അത്താഴം കഴിച്ച ശേഷം, ഉമറിനെ ഹോസ്റ്റലിൽ ആക്കി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റാശിദിനെ മരണം തട്ടിയെടുത്തത്.

രാത്രി ഒമ്പത് മണിയായിട്ടും റാശിദ് വീട്ടിൽ തിരിച്ചെത്താതായപ്പോൾ സഹോദരനൊപ്പം തങ്ങിയതാകാമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ, പിറ്റേന്ന് ഉച്ചക്ക് പൊലീസ് ഉമറിനെ വിളിച്ച് അപകടത്തിൽപ്പെട്ട വാഹനത്തിന്‍റെ ഉടമയെക്കുറിച്ച് അന്വേഷിച്ചതോടെയാണ് കുടുംബം ആശങ്കയിലായത്. തുടർന്ന് ഫുജൈറയിലെ ആശുപത്രികളിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പ്രാഥമിക പട്ടികയിൽ റാശിദിന്‍റെ പേരുണ്ടായിരുന്നില്ല. ഒടുവിൽ, സഹോദരിയുടെയും ഉമ്മയുടെയും ഡി.എൻ.എ പരിശോധനകൾക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. അന്ന് രാത്രി ഇശാ നമസ്കാരത്തിന് ശേഷം ഖബറടക്കം നടന്നു.

അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ബുധനാഴ്ച വൈകുന്നേരം ക്ലാസിനിടെയുള്ള ഇടവേളയിൽ തനിക്കും സഹപാഠികൾക്കുമൊപ്പം മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകിയത് റാശിദായിരുന്നുവെന്ന് ഷാർജ സർവകലാശാലയിലെ അസ്ട്രോഫിസിക്സ് പ്രൊഫസർ ഡോ. മശ്ഹൂർ അൽ വർദാത്ത് ഓർമിക്കുന്നു. ഖുർആൻ മനഃപാഠമാക്കിയിരുന്ന റാശിദ് മനോഹരമായ ശബ്ദത്തിൽ സൂറത്ത് അൽ മുസ്സമ്മിലിലെ അവസാന വചനങ്ങൾ പാരായണം ചെയ്താണ് അന്ന് നമസ്കാരത്തിന് നേതൃത്വം നൽകിയത്. അതിനുശേഷം ക്ലാസിൽ തിരിച്ചെത്തിയ റാശിദിനെ അവസാനമായാണ് കാണുന്നതെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് അധ്യാപകൻ വേദനയോടെ പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും മരിച്ചവരുടെ പേരുകളും താൻ ആദ്യം മുതൽ ശ്രദ്ധിച്ചിരുന്നുവെന്നും എന്നാൽ പ്രാഥമിക പട്ടികയിൽ റാശിദിന്‍റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒടുവിൽ മരണം സ്ഥിരീകരിച്ചപ്പോൾ ആ വാർത്ത വലിയ ഞെട്ടലായി മാറിയെന്ന് പ്രഫ. അൽ വർദാത്ത് ‘ഇമാറാത്ത് അൽ യൗം’ ദിനപത്രത്തോട് പറഞ്ഞു.

പഠനത്തിലും അച്ചടക്കത്തിലും ഏറെ മികവ് പുലർത്തിയിരുന്ന വിദ്യാർഥിയായിരുന്നു റാശിദ്. പുലർച്ചെ ഉണർന്ന് ചന്ദ്രനെയും മറ്റ് ആകാശഗോളങ്ങളെയും നിരീക്ഷിച്ച് ചിത്രങ്ങളെടുക്കേണ്ട പ്രോജക്റ്റുകൾ പോലും ഏറ്റവും ആദ്യം പൂർത്തിയാക്കിയിരുന്നത് റാശിദായിരുന്നുവെന്ന് ഡോ. മശ്ഹൂർ പറയുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ നടന്ന സമയത്ത് നേരിട്ട് ക്ലാസിലിരുന്ന് പഠിക്കാൻ റാശിദ് എപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അമ്മാവൻ ഫഹദ് അബ്ദുല്ല അൽ ദർമകി ഓർക്കുന്നു. റാശിദിന്‍റെ മരണവാർത്തയറിഞ്ഞ് സഹോദരൻ ഉമർ ആകെ തളർന്നുപോയി. ജ്യേഷ്ഠൻ സുരക്ഷിതമായി വീട്ടിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയതായിരുന്നു ഉമർ.

2019–2020 അധ്യയന വർഷത്തിൽ യു.എ.ഇയിലെ ഏറ്റവും മികച്ച സ്കൂൾ വിദ്യാർഥികളിൽ ഒരാളായിരുന്ന റാശിദ്, കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് ബഹിരാകാശ ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്. മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവിന്‍റെ ഭാഗമായ ‘യങ് വാട്ടർ പയനിയേഴ്സ്’ പ്രോഗ്രാമിൽ അംഗമായിരുന്നു. ജലശുദ്ധീകരണ സാങ്കേതികവിദ്യയിലും പ്രാവീണ്യം നേടിയിരുന്നു. മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവും റാശിദിന്‍റെ വിയോഗത്തിൽ അനുശോചിച്ചു.

ശാന്തനും എല്ലാവരോടും വിനയാന്വിതനായി പെരുമാറുന്നവനുമായിരുന്നു റാശിദ്. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധനായിരുന്നു അവനെന്ന് കുടുംബം അനുസ്മരിച്ചു. ‘എന്‍റെ മകൻ റാശിദ്, നിനക്ക് നിത്യശാന്തി ലഭിക്കട്ടെ. നമ്മൾ ഒരുമിച്ച് നടത്തിയ അവസാന നമസ്കാരത്തിലെ നിന്‍റെ ആ ഖുർആൻ പാരായണം ഇപ്പോഴും എന്‍റെ കാതുകളിൽ മുഴങ്ങുന്നുണ്ട്’ -എന്നാണ് പ്രിയ ശിഷ്യന്‍റെ അകാല വേർപാടിൽ ഏറെ ദുഃഖിതനായി പ്രഫ. ഡോ. മശ്ഹൂർ അൽ വർദാത്ത് കുറിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:quran recitation memoir Obit 
News Summary - My Son... Your Quran Recitation Still Echoes': An Emotional Memoir
Next Story