ചൈന-യു.എ.ഇ ബന്ധം വ്യക്തമാക്കി പുതിയ കണ്ടെത്തലുകൾ
text_fieldsറാക് അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന സ്പ്രിങ് ഫെസ്റ്റിവലില്‍ റിപ്പബ്ലിക് ഓഫ് ചൈന ദുബൈ ആൻഡ് നോര്‍തേണ്‍ എമിറേറ്റ്സ് കോണ്‍സല്‍ ജനറല്‍ ഔ ബൊഖിയന് സംസാരിക്കുന്നു
റാസല്‍ഖൈമ: ചൈനയുമായി റാസല്‍ഖൈമക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സില്‍ക്ക് റോഡ് ബന്ധമുണ്ടെന്ന് ചൈനയുടെ ദുബൈ ആൻഡ് നോര്‍തേണ്‍ എമിറേറ്റ്സ് കോണ്‍സല്‍ ജനറല്‍ ഔ ബൊഖിയന്. റാസല്‍ഖൈമയില്‍ നടന്ന പുരാവസ്തു ഗവേഷണങ്ങളില്‍ കണ്ടെത്തിയ അപൂര്‍വ പുരാതന ചൈനീസ് സെറാമിക് വസ്തുക്കള്‍ ചൈനയും അറബ് ലോകവും തമ്മില്‍ നിലനിന്നിരുന്ന ഗതകാല ബന്ധങ്ങള്‍ ഉറപ്പിക്കുന്നതാണെന്നും റാക് അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന സ്പ്രിങ് ഫെസ്റ്റിവലില്‍ പങ്കെടുത്തുകൊണ്ട് അവര്‍ പറഞ്ഞു.
മിങ് വംശകാലത്ത് ചൈനീസ് രാജകീയ നാവിക ദൗത്യങ്ങള്‍ വഴിയായിരിക്കാം ഈ വസ്തുക്കള്‍ റാസല്‍ഖൈമയിലെത്തിയത്. ഇത് അറബ് നാടുകളുമായി പുരാതനകാലം മുതല്‍ ചൈന പുലര്‍ത്തിവന്ന സമുദ്ര സില്‍ക്ക് പാതയിലെ സജീവ സാന്നിധ്യത്തിന്റെ ശക്തമായ തെളിവാണ്. സൗഹൃദത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണിതെന്നും ബൊഖിയന് അഭിപ്രായപ്പെട്ടു. ബീജിങ് മ്യൂസിയം, റാക് മ്യൂസിയം, യു.കെ ഡ്യൂക്ക് സര്‍വകലാശാല എന്നിവ സംയുക്തമായി റാസല്‍ഖൈമയില്‍ നടത്തിയ ഖനന-ഗവേഷണത്തിലാണ് പുരാതന ചൈനീസ് വസ്തുക്കള്‍ കണ്ടെത്തിയത്. ചൈനയുമായുള്ള ചരിത്രബന്ധങ്ങള്‍ സാമ്പത്തിക രംഗത്ത് ഇന്നും ശക്തമായി തുടരുകയാണെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി(റാക് ടി.ഡി.എ) ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ ബ്രെന്റ് ആന്ഡേഴ്സണ് വ്യക്തമാക്കി. റാക് ഇക്കണോമിക് സോണ്‍ (റാകിസ്) കേന്ദ്രീകരിച്ച് നിരവധി ചൈനീസ് കമ്പനികള്‍ റാസല്‍ഖൈമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുരാവസ്തു കണ്ടെത്തലുകളും സാംസ്കാരിക ആഘോഷങ്ങള്‍ക്കുമൊപ്പം ചൈനയുമായുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധങ്ങളെ ആദരിച്ച് മുന്നോട്ടുപോവുകയാണ് റാസല്ഖൈമയെന്നും ബ്രെന്റ് ആന്ഡേഴ്സണ് തുടര്‍ന്നു. യു.എ.ഇയിലുടനീളം നടന്ന സില്‍ക്ക് റോഡ് ചൈനീസ് സംസ്കാരിക ആഘോഷങ്ങളുടെ ഭാഗമായാണ് റാസല്‍ഖൈമയില്‍ ചൈനീസ് കോണ്‍സുലേറ്റും റാസല്‍ഖൈമ സര്‍ക്കാറും സ്പ്രിങ് ഫെസ്റ്റിവല്‍ ഒരുക്കിയത്.
ഇരു രാജ്യങ്ങളിലെയും പരമ്പരാഗത കലാപരിപാടികള്‍ക്കൊപ്പം സില്‍ക്ക് റോഡിലെ സാംസ്കാരിക സംഗമങ്ങള്‍ പുനരാവിഷ്കരിച്ച നാടകാവതരണവും നടന്നു. സ്പ്രിങ് ഫെസ്റ്റിവലിന് ഈ മാസം എട്ടിന് ദുബൈ എക്സ്പോ സിറ്റിയില്‍ നടക്കുന്ന വിപുല ചടങ്ങുകളോടെ പരിസമാപ്തിയാകും.


