അൽ ദൈദിൽ ഒട്ടകങ്ങൾ കളത്തിലിറങ്ങുന്നു
text_fieldsഅൽ ദൈദ് ഷാർജയുടെ കാർഷിക ഉപനഗരമാണ്. പഴവും പച്ചക്കറികളും പാലും ഉത്പാദിപ്പിക്കുന്ന നഗരമായി മാറിയ ഗ്രാമം. ഹജർ പർവ്വതങ്ങൾ കനിഞ്ഞരുളുന്ന നീരുറവകൾ ദൈദിലെ തോട്ടങ്ങളെ വിളകളുടെ വളകളണിയിക്കുന്നു. ഫലജ് എന്നറിയപ്പെടുന്ന ഭൂഗർഭ ജലവിതരണ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനറിയുന്നവരാണ് ദൈദിലെ കർഷകർ. ഭൂമിയുടെ ആന്തരിക മർദ്ദം ഉപയോഗിച്ച് ജലത്തെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന അതിപുരാതന സാങ്കേതികവിദ്യ.
ഹാരപ്പയിലും മെലുഹയിലും കണ്ടെത്തിയ നിർമിതികളിൽ ഇത്തരം ജലവിതരണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ബദുവിയൻ ജീവിതയാത്രകൾ മരുഭൂമിക്ക് പകർന്നുനൽകിയ സാങ്കേതിക ജ്ഞാനം. അൽ ദൈദ് മേഖലയിൽ വിത്തുകളുടെ കൊയ്ത്തുപ്പാട്ടുമാത്രമല്ല ഉയരുന്നത്. കാർഷിക മേഖലയുടെ പച്ചപ്പുകൾക്കിടയിൽ ക്ഷീരമേഖലയുടെ കുളമ്പടികളും തമ്പടിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന ഒട്ടകയോട്ട മത്സരങ്ങളും കാലിച്ചന്തകളും പ്രസിദ്ധമാണ്. ഇതിലേറെ പ്രധാനപ്പെട്ടതാണ് ദൈദിലെ ഒട്ടകയോട്ട മത്സരം. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി (എസ്.ബി.എ) അഫിലിയേറ്റ് ചെയ്തിരിക്കുന്ന അൽ ദൈദിൽനിന്നുള്ള അൽ വുസ്ത ചാനൽ, ഷാർജ കാമൽ റേസിങ് ക്ലബ്ബുമായി സഹകരിച്ച്, അൽ ദൈദ് കാമൽ റേസിങ് ട്രാക്കിലാണ് ഇത്തവണത്തെ മത്സരങ്ങൾ നടത്തുന്നത്. 19ന് തുടങ്ങുന്ന മത്സരങ്ങൾ മൂന്ന് ദിവസം നീളുമെന്ന് സംഘാടകർ പറഞ്ഞു.
ഒട്ടക ട്രാക്കിന്റെ പീതവർണ്ണങ്ങളിൽ ആവേശത്തിന്റെ പൊടിപ്പറത്തി ഒട്ടകങ്ങൾ കുതിക്കുന്ന കാഴ്ച്ചകൾ നഷ്ടപ്പെടുത്തരുത്. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലും ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പിന്തുണയിലുമാണ് ദൈദ് ഒട്ടകയോട്ട മത്സരങ്ങൾ നടക്കുന്നത്. എല്ലാ എമിറേറ്റുകളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി 62 ഓപ്പൺ റൗണ്ടുകൾ ഫെസ്റ്റിവലിൽ നടക്കും.
ഹഖാക്ക പ്രായ വിഭാഗത്തിന് ആദ്യ ദിവസം 24 റൗണ്ടുകളും, ലഖായ പ്രായ വിഭാഗത്തിന് രണ്ടാം ദിവസം 20 റൗണ്ടുകളും, ഇദ പ്രായ വിഭാഗത്തിന് മൂന്നാം ദിവസം 18 റൗണ്ടുകളും ഉൾപ്പെടെ മൂന്ന് മത്സര വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് ദൈദിലെ അൽ വുസ്ത ചാനൽ ഡയറക്ടർ സയീദ് റാഷിദ് ബിൻ ഫദേൽ അൽ കെത്ബി പറഞ്ഞു. പാരമ്പര്യത്തെ മുറുകെ പിടിച്ച്, വർത്തമാനകാല സമൂഹത്തെ ഭാവിയുടെ കാവാലാളാക്കുക എന്ന മഹത്തായ ലക്ഷ്യവും മത്സരം മുന്നോട്ട് വെക്കുന്നതായി ആദ്ദേഹം പറഞ്ഞു.
ഉത്സവ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും മത്സരങ്ങളുടെ തത്സമയവും നേരിട്ടുള്ളതുമായ സംപ്രേക്ഷണം നൽകും. ഫെസ്റ്റിവലിൽ എത്തുന്ന അതിഥികളുമായും പങ്കെടുക്കുന്നവരുമായും അഭിമുഖങ്ങൾ നടത്തും. ഷാർജ ഭരണാധികാരി അൽ ദൈദ് മേഖലയിലെ പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനും ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതിലും കാണിക്കുന്ന സ്നേഹം ഈ ഉപനഗരത്തിലെ ജനങ്ങളോടുള്ള ഇഷ്ടത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഷാർജ കാമൽ റേസിങ് ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല മുഹമ്മദ് ബിൻ ഹുവൈദൻ അൽ കെത്ബി പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടക ഉടമകളുടെ വിപുലമായ പങ്കാളിത്തത്തിന് നാല് സെഷനുകൾ സാക്ഷ്യം വഹിക്കും. മത്സര വിജയികൾക്ക് പണത്തിന് പുറമെ, അംഗീകാരത്തിൻറെ വാളും ലഭിക്കുന്നു. സമ്മാനഘടനയിലും പൈതൃകത്തെ കാത്ത് വെക്കുന്ന മാന്ത്രികത. അറബ്യേൻ ഒട്ടകത്തിന് മണിക്കൂറിൽ അറുപത്തഞ്ച് കിലോമീറ്റർ വേഗതയിൽ ഒടാൻ കഴിയും.
നിരന്തര പരിശീലവും ചിട്ടയായ ഭക്ഷണ ക്രമവും വൈദ്യപരിശോധനയും ഒട്ടകങ്ങൾക്ക് മാത്രമുള്ള ആശുപത്രികളും ഇതിനായി രാവും പകലും പ്രവർത്തിക്കുന്നു. അറബ് രാജ്യങ്ങളിൽ ഒട്ടകത്തിന് പ്രത്യേക പരിഗണനയുണ്ട്. കുവൈറ്റിന്റെ ദേശീയ മൃഗം ഒറ്റക്കൂനുള്ള ഒട്ടകമാണ്. ഒട്ടകത്തിനെ അനുമതിയില്ലതെ കൊല്ലുന്നതും വാഹനമിടിച്ച് പരുക്കേൽപ്പിക്കുന്നതും മറ്റും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഒട്ടകങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക സൂചകങ്ങൾ സ്ഥാപിച്ചിരിക്കും. അവിടെ ഒട്ടകങ്ങൾക്ക് കടന്നു പോകാൻ വാഹനങ്ങൾ നിറുത്തിക്കൊടുക്കേണ്ടതാണ്.
മരുഭൂമി മഞ്ഞ്പുതക്കുന്ന കാലത്ത് ഒട്ടക പരിശീലനം കാണാൻ ബഹുജോറാണ്. മഞ്ഞിനെ വകഞ്ഞുമാറ്റി കുതിച്ചോടുന്ന ഒട്ടകങ്ങൾ മലാഖമാരെ പോലെ തോന്നിക്കും. കൂടാരങ്ങളിൽ നിന്ന് ഗാവയുടെ ഗന്ധം ഇറങ്ങിവന്ന് മഞ്ഞിലലിയും. ഹുക്കവലിക്കുന്ന തീവെട്ടം നക്ഷത്രങ്ങൾ തീർക്കും. 1983 എഫ്.എ.ഒ നടത്തിയ സെൻസസ് പ്രകാരം ലോകത്ത് 1,69,50,000 ഒട്ടകങ്ങൾ ഉണ്ട്. ഇതിൽ 1,50,50,000 അറേബ്യൻ ഒട്ടകങ്ങളും 19,00,000 ബാക്ട്രിയൻ ഒട്ടകങ്ങളുമാണ്. ഏറ്റവും കൂടുതൽ ഒട്ടകങ്ങളുള്ളത് സോമാലിയയിലാണ്. ഇന്ത്യയിൽ 15,00,000 ഒട്ടകങ്ങളുണ്ട് ഇതിൽ 75 ശതമാനവും രാജസ്ഥാനിലാണ്. ബാക്കി പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, യു.പി., എം.പി. എന്നീ സംസ്ഥാനങ്ങളിലാണ്.
രാജ്യവ്യാപകമായി ജൂൺ 22 ന് ലോക ഒട്ടക ദിനമായി ആചരിക്കുന്നു. അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗവും അറേബ്യൻ മരുഭൂമി കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ, അത് ഏതാണ്ട് പൂർണ്ണമായും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് ചെങ്കടൽ, കിഴക്ക് പേർഷ്യൻ ഗൾഫ്, തെക്ക്-കിഴക്ക് അറബി കടൽ, ഇടക്കിടെ പർവതപ്രദേശങ്ങൾ ഇതിനാൽ മരുഭൂമിയിലൂടെ എപ്പോഴും കാറ്റ് വളഞ്ഞുപുളഞ്ഞുപോകും. ഒട്ടക പാതകളുടെ നിർമാണവും ഒട്ടകങ്ങളുടെ കുതിപ്പും കാറ്റിന്റെ സഞ്ചാരവും തമ്മിൽ അഭേദ്യ ബന്ധം ഉള്ളതായി തോന്നും. അറേബ്യൻ മരുഭൂമി ഷമാലുകൾക്ക് (വടക്കൻക്കാറ്റ്) പേരുകേട്ടതാണ്: വർഷത്തിൽ രണ്ടുതവണ വീശുന്നതും ശൈത്യകാലത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ ഏകദേശം 40 ദിവസം നീണ്ടുനിൽക്കുന്നതുമായ കാറ്റുള്ള സീസണുകൾ.
വസന്തകാലം വേനൽക്കാലത്തേക്ക് മാറുന്നതിന്റെ ആരംഭത്തിൽ ഷമാലുകൾക്ക് മണിക്കൂറിൽ 30 മൈൽ (50 കിലോമീറ്റർ) വരെ ശക്തിയുണ്ടാകും. ദശലക്ഷക്കണക്കിന് ടൺ മണലും പൊടിയും കാറ്റ് കൊണ്ടുപോകും. എല്ലാ ദിശകളിൽ നിന്നും വീശുന്ന മരുഭൂമിയിലെ കാറ്റ് മണൽക്കൂനകളുടെ പാറ്റേണുകളെ നിരന്തരം മാറ്റുന്നു. മണലിൽ ചിത്രങ്ങൾ രൂപപ്പെടുന്നു. ഈ ചിത്രങ്ങളെ ചവിട്ടിമെതിച്ച് തെല്ലഹങ്കാരത്തിൽ ഒട്ടകങ്ങൾ കുതിക്കുന്നു. കാറ്റ് വീണ്ടും ചിത്രങ്ങൾ വരച്ചു കൊണ്ടേയിരിക്കുന്നു.