റാസല്‍ഖൈമയില്‍ രാത്രി വിപണി തുറക്കുന്നു
text_fieldsറാസല്‍ഖൈമ: പുത്തന്‍ ഷോപ്പിങ് അനുഭവം നല്‍കുന്ന ആദ്യ നൈറ്റ് മാര്‍ക്കറ്റ് തുറക്കുന്നതിന് റാസല്‍ഖൈമയില്‍ ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. റാക് എക്സ്പോ സെന്‍ററുമായി സഹകരിച്ച് സഊദ് ബിന്‍ സഖര്‍ ഫൗണ്ടേഷന്‍ ഫോര്‍ യൂത്ത് പ്രോജക്ട് ഡെവലപ്മെന്‍റാണ് റാക് എക്സ്പോ സെന്‍ററില്‍ നവംബര്‍ 14ന് നൈറ്റ് മാര്‍ക്കറ്റ് തുറക്കുന്നത്.
ചില്ലറ വില്‍പനശാലകളോടൊപ്പം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങളും ഒരുക്കിയാണ് നൈറ്റ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ രാത്രി 10.30 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. വസ്ത്രശേഖരം, പെര്‍ഫ്യൂമുകള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ ഭക്ഷണങ്ങള്‍, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ തുടങ്ങി വ്യത്യസ്ത ഉല്‍പന്നങ്ങളുമായി 100ഓളം റീട്ടെയില്‍ ബൂത്തുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.
സര്‍ഗാത്മകതയും സംരംകത്വവും ആഘോഷിക്കുന്ന സജീവമായ വാരാന്ത്യ അനുഭവം നല്‍കുന്ന നൈറ്റ് മാര്‍ക്കറ്റിന്‍റെ ഭാഗമാകണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ലൈസന്‍സുള്ള വ്യാപാരികള്‍ക്കായിരിക്കും ഇവിടെ ബൂത്തുകള്‍ അനുവദിക്കുക. പ്രാദേശിക ഉല്‍പന്നങ്ങളുടെ വിപണനവും സാമൂഹിക ഇടപെടലുകളും ബന്ധങ്ങളും വളര്‍ത്തിയെടുക്കുകയെന്നതാണ് റാസല്‍ഖൈമ നൈറ്റ് മാര്‍ക്കറ്റിന്‍റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.


