കളഞ്ഞുകിട്ടിയ ഒന്നേമുക്കാൽ ലക്ഷം സാധനങ്ങൾ ഉടമകൾക്ക് തിരിച്ചേൽപിച്ചു
text_fieldsദുബൈ: എമിറേറ്റിന്‍റെ പലയിടങ്ങളിൽ നിന്നായി പൊലീസ് കണ്ടെത്തിയ സാധനങ്ങളിൽ 171,490 എണ്ണം യഥാർഥ ഉടമകൾക്ക് തിരിച്ചേൽപ്പിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. വിവിധ സമയങ്ങളിൽ കണ്ടെത്തിയ 8,68,110 സാധനങ്ങളാണ് ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപാർട്ട്മെന്റിനെ പ്രതിനിധീകരിക്കുന്ന ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് കൈകാര്യം ചെയ്തത്. വിവിധ ഷോപ്പിങ് സെന്‍ററുകൾ, സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ (എസ്.പി.എസ്) എന്നിവിടങ്ങളിൽ സ്ഥാപിച്ച അംഗീകൃത ഡ്രോപ്പ് ഓഫ് പോയിന്‍റുകൾ കൂടാതെ എമിറേറ്റിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലായി സാധനങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം റിപോർട്ട് ചെയ്തത് 159,962 കേസുകളാണ്.
ജനങ്ങളും നിയമം നടപ്പിലാക്കൽ സംവിധാനങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തിന്‍റെ ഫലമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിൽ പൊതു ജനങ്ങൾക്ക് പ്രധാന പങ്കുണ്ടെന്നും യഥാർഥ ഉടമകൾക്ക് സാധനങ്ങൾ വേഗത്തിൽ തിരികെ നൽകുന്നതിനും മൂല്യങ്ങൾ, ഉത്തരവാദിത്തം, സത്യസന്ധത, പോസിറ്റീവായ സഹകരണം എന്നിവ ഉയർത്തിക്കാണിക്കുന്നതിനും സഹകരണ മനോഭാവം സഹായകരമായി.
നഷ്ടപ്പെടുന്ന സാധനങ്ങൾ കണ്ടെത്താനും തിരികെയേൽപ്പിക്കാനും നൂതനമായ സ്മാർട്ട് സംവിധാനമാണ് ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപാർട്ട്മെന്റ് ഉപയോഗിക്കുന്നത്. കൃത്യതയും ഉടമകളുമായി വേഗത്തിലുള്ള ആശയവിനിമയും ഉറപ്പുവരുത്തുന്നതിനും തിരികെ നൽകൽ നടപടിക്രങ്ങൾ കര്യക്ഷമമായും ലളിതമായും പൂർത്തിയാക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘത്തിന്‍റെ പിന്തുണയിലാണ് ഈ സംവിധാനങ്ങളുടെ പ്രവർത്തനം.
റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനു പുറമേ ഉടമകളുമായി നേരിട്ടുള്ള ആശയവിനിമയം, ഒന്നിലധികം കളക്ഷൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ വകുപ്പ് വാഗദാനം ചെയ്യുന്നുണ്ട്. ഇത്തരം ശ്രമങ്ങൾ ഉയർന്ന ഉപഭോക്തൃ സംതൃപ്തി നൽകുകയും പൊലീസ് സേവനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും. എമിറേറ്റിലെ ജീവിത ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കുന്നതിലുള്ള സജീവമായ പൊലീസ് സേവനങ്ങളിലുള്ള പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു.


