യു.എ.ഇയിൽ കോവിഡ് എത്തിയിട്ട് ഒരു വർഷം
text_fieldsദുബൈ: കോവിഡ് മഹാമാരി യു.എ.ഇയുടെ പടികടന്നെത്തിയിട്ട് ഇന്നേക്ക് ഒരുവർഷം. കഴിഞ്ഞ വർഷം ജനുവരു 29ന് വൂഹാനിൽനിന്നെത്തിയ കുടുംബത്തിലെ നാല് പേർക്കാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഒരുവർഷം പിന്നിടുേമ്പാൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിൽ 2.67 ലക്ഷം പേർ രോഗമുക്തരായി എന്നതാണ് ആശ്വാസം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് മരണനിരക്ക് കുറവാണെന്നതും ചികിത്സ രംഗത്ത് യു.എ.ഇയുടെ മേന്മയായി കരുതുന്നു. ഇതുവരെ 819 പേരാണ് മരിച്ചത്. കോവിഡ് വാക്സിൻ തയാറായ ഉടൻ വിതരണം ചെയ്യാനും വ്യാപകമായി ലഭ്യമാക്കാനും യു.എ.ഇക്ക് കഴിഞ്ഞു.
ചൈനയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾതന്നെ യു.എ.ഇയും മുൻകരുതലെടുത്തിരുന്നു. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിെൻറ ഫലമായാണ് കോവിഡ് ആദ്യമേതന്നെ കണ്ടെത്താനും പ്രതിരോധിക്കാനും കഴിഞ്ഞത്. ചൈനയിൽനിന്ന് എത്തുന്നവർക്കെല്ലാം വിമാനത്താവളങ്ങളിൽ തെർമൽ സ്കാനിങ് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്.
എന്നാൽ, ഉടനടി ലോക്ഡൗൺ പ്രഖ്യാപിക്കാതെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് െബയ്ജിങ് ഒഴികെ ചൈനയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഫെബ്രുവരി 10നാണ് യു.എ.ഇയിൽ ആദ്യമായി ഇന്ത്യക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ ലോക സൈക്ലിങ് ടൂർ ചാമ്പ്യൻഷിപ്പിൽ പെങ്കടുത്ത രണ്ടുപേർക്ക് കോവിഡ് പരിശോധനയിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയത് ആശങ്കക്കിടയാക്കി. മാർച്ച് ആദ്യവാരത്തിൽ രോഗലക്ഷണമുള്ളവർ പള്ളികളിൽ പോകരുതെന്ന് ഫത്വ കൗൺസിൽ നിർദേശം നൽകി. രാജ്യത്തെ ആരാധനാലയങ്ങളിൽ തെർമൽ സ്കാനർ സ്ഥാപിച്ചുതുടങ്ങി. മാർച്ച് എട്ടിനാണ് സ്കൂളുകൾക്ക് പൂട്ടുവീണത്. രണ്ടാഴ്ച അവധിയായിരിക്കുമെന്നും അതിനു ശേഷം ഇ- ലേണിങ് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
തൊട്ടടുത്ത ദിവസം ദുബൈ േഗ്ലാബൽ വില്ലേജ് അടച്ചു. 14 പുതിയ േകാവിഡ് കേസുകൾ റദ്ദാക്കി. ഇതിനു പിന്നാലെയാണ് വിമാനങ്ങൾ റദ്ദാക്കിത്തുടങ്ങിയത്. 14ന് പാർക്കുകളും തിയറ്ററുകളും ജിമ്മുകളും അടച്ചു. 18നു പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചു. റെസിഡൻറ് വിസയുള്ളവർക്കും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി. 21നാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. അറബ് പൗരനും ഏഷ്യൻ പൗരനമുമാണ് മരിച്ചത്.
22ന് എല്ലാ സ്കൂളുകളിലും സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. തൊട്ടുപിന്നാലെ ലോക്ഡൗണിെൻറ പ്രഖ്യാപനമെത്തി. 25നു യാത്രാവിമാനങ്ങൾ സർവിസ് നിർത്തിയതോടെ നാട്ടിലേക്ക് പോകേണ്ടവർ യു.എ.ഇയിൽ കുടുങ്ങി. യു.എ.ഇയിൽ രാത്രി യാത്രാ വിലക്കേർപ്പെടുത്തി. 31ന് മെട്രോ, ട്രാം എന്നിവയുടെ സർവിസുകൾ ഭാഗികമായി റദ്ദാക്കി.