ഓണ്‍ലൈന്‍ തട്ടിപ്പ് പല രൂപത്തിൽ; പ്രവാസി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsഅജ്മാന്: ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ പുതിയ പതിപ്പുകളാണ് ഓരോ ദിവസവും മാറി മാറി വരുന്നത്. എത്ര ശ്രദ്ധിക്കുന്നവരെയും വലയിലാക്കാന്‍ കഴിയുമാറ് പുതിയ രീതികളാണ് തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് പൊലീസും ബാങ്ക് അധികൃതരും പൊതുജനങ്ങളെ നിരന്തരം ബോധവത്കരിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ അടവുകള്‍ മാറ്റിപ്പിടിക്കുന്നതിനാല് അൽപം ശ്രദ്ധ തെറ്റുമ്പോഴേക്കും ആളുകള്‍ അറിയാതെ വീണ്ടും പെട്ടുപോവുകയാണ്.
കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലക്കാരനായ പ്രവാസിക്കാണ് പുതിയ അനുഭവം ഉണ്ടായത്. ചെറിയ അവധിക്ക് നാട്ടില്‍ പോയ ഇദ്ദേഹത്തിന് പണം ആവശ്യമായി വന്നപ്പോഴാണ് ആപ് വഴി നാട്ടിലേക്ക് ഒരു തുക അയക്കാന്‍ ശ്രമിച്ചത്.
സാങ്കേതിക കാരണങ്ങളാല്‍ രണ്ട് പ്രാവശ്യം ശ്രമം ബാങ്ക് തടഞ്ഞതായി ആപ്പില്‍ ഇദ്ദേഹത്തിന് മെസേജ് വന്നു. അതോടെ ആശങ്കയിലായ ഇദ്ദേഹത്തിന് ബാങ്കില്‍നിന്നെന്നും അറിയിച്ച് ലാൻഡ് ഫോണ്‍ നമ്പറില്‍നിന്ന് ഒരു കാൾ വന്നു. ബാങ്കില്നിന്നാണെന്നാണ് ഫോണ്‍ ചെയ്തയാള്‍ ഇദ്ദേഹത്തോട് പരിചയപ്പെടുത്തിയത്. ലാൻഡ് ഫോണ്‍ ആയതിനാല്‍ വലിയ സംശയം ഒന്നും തോന്നിയില്ല. ഇപ്പോള്‍ പണം അയക്കാന്‍ ശ്രമിച്ചിരുന്നോ എന്നും വ്യക്തതക്ക് ജനന തീയതിയും ഇ-മെയില്‍ അഡ്രസും ആവശ്യപ്പെടുകയുംചെയ്തു. അത് ഇദ്ദേഹം നല്‍കുകയും ചെയ്തു.
എന്നാല്‍, ഇനി പണം അയച്ചുകൊള്ളാന്‍ വിളിച്ചയാള്‍ നിര്‍ദേശിച്ചു. ഫോണ്‍ വെച്ചതിന് ശേഷമാണ് പ്രവാസിക്ക് ചെറിയൊരു സംശയം തോന്നിയത്. ഉടനെ അദ്ദേഹം ബാങ്കിന്റെ സൈറ്റില്‍ കയറി നടത്തിയ അന്വേഷണത്തിലും സുഹൃത്തുക്കള്‍ വഴിയും ബാങ്കിലെ സ്റ്റാഫ് വഴിയും നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വന്ന നമ്പര്‍ ബാങ്കിന്റേതല്ലെന്ന് തിരിച്ചറിയുകയായിരുന്നു.
ഫോണ്‍ ചെയ്ത ആളുടെ നിര്‍ദേശം അവഗണിച്ച് ഇങ്ങനെ ഒരന്വേഷണം നടത്താന്‍ തുനിഞ്ഞത് ഇദ്ദേഹത്തിന് വലിയൊരു അനുഗ്രഹമാകുകയായിരുന്നു. ഫോണ്‍ വിളിച്ച് ആളുകളില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ദിവസം 15 പേരെ അജ്മാന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആളുകളെ അവരുടെ ബാങ്കിങ് ഡേറ്റ അല്ലെങ്കിൽ ഔദ്യോഗിക പ്രമാണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിച്ചുകൊണ്ടാണ് ഈ സംഘം തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
വ്യാജരേഖകള്‍ ഉപയോഗിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങളും തിരിച്ചറിയല്‍ കാർഡ് പോലുള്ള സ്വകാര്യ രേഖകൾ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുമാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് അജ്മാന് പൊലീസ് ക്രിമിനല്‍ കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നുഐമി വ്യക്തമാക്കി. 19 മൊബൈൽ ഫോണുകൾ തട്ടിപ്പിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി പിടികൂടിയിരുന്നു. ഇത്തരം തട്ടിപ്പുകാര്‍ ഓരോ ദിവസവും പുതിയ വഴികളിലൂടെയാണ് ഇരകളെ തേടുന്നത്.


