ഓൺലൈൻ പഠനം 17വരെ നീട്ടി
text_fieldsദുബൈ: രാജ്യത്തെ നഴ്സറികൾ, കിൻഡർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി.
വിദ്യാർഥികൾക്കും അധ്യാപകർക്കും ഭരണജീവനക്കാർക്കും നിർദേശം ബാധകമാണെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള സാഹചര്യങ്ങളെ മുൻനിർത്തി, ഈ സംവിധാനം ആഴ്ചതോറും വിലയിരുത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 6 മുതൽ 17വരെ ദുബൈയിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ പഠനം തുടരുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി(കെ.എച്ച്.ഡി.എ)യും അറിയിച്ചു. മുമ്പ് ഏപ്രിൽ 3 വരെ മാത്രമായിരുന്നു വിദൂരവിദ്യാഭ്യാസം പ്രഖ്യാപിച്ചിരുന്നത്. നേരത്തെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ വ്യക്തമായ കാരണങ്ങൾ വിശദീകരിച്ച് അപേക്ഷ സമർപ്പിക്കണമെന്നും കെ.എച്ച്.ഡി.എ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമ തീരുമാനം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റേതാണെന്നും, വിദ്യാഭ്യാസ സമൂഹത്തിന്റെ സുരക്ഷക്കാണ് മുൻഗണന നൽകുകയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.


