Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ വീടുകളിലെ...

ദുബൈയിൽ വീടുകളിലെ പാർക്കിങ്​ ഷെഡുകൾക്കും അനുമതി വേണം

text_fields
bookmark_border
ദുബൈയിൽ വീടുകളിലെ പാർക്കിങ്​ ഷെഡുകൾക്കും അനുമതി വേണം
cancel

ദുബൈ: വീടുകളുടെ മുൻഭാഗങ്ങളിലും പരിസരങ്ങളിലും പാർക്കിങ്​ സ്ഥലങ്ങളിൽ തണലൊരുക്കുന്നതിന്​ മുൻകൂർ അനുമതി വാങ്ങുന്നതിന്​ ഏകീകൃത ഡിജിറ്റൽ സേവനവുമായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർ.ടി.എയുടെ വെബ്​സൈറ്റ്​ വഴി പുതിയ സേവനം ലഭ്യമാവും. പാർക്കിങ്​ ഇടങ്ങളിൽ തണലൊരുക്കുന്ന കരാർ കമ്പനികൾ വഴിയായിരിക്കും തുടർ നടപടികൾക്രമങ്ങൾ​. വെബ്​സൈറ്റിലെ ഏകീകൃത ഡിജിറ്റൽ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചാൽ ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള അംഗീകാരങ്ങൾ ലഭ്യമാകും.

ആർ.ടി.എയുടെ മാനദണ്ഡങ്ങൾക്ക്​ വിധേയമായിട്ടായിരിക്കും അനുമതി ലഭിക്കുക. ഫീൽഡ്​ സന്ദർശനം, കസ്റ്റമർ കൗൺസിലുകൾ എന്നിവ വഴി എമിറേറ്റിലെ താമസക്കാരിൽ നിന്ന്​ ലഭിച്ച പ്രതികരണങ്ങൾ വിലയിരുത്തിയാണ്​ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്​. കൂടാതെ അത്യുഷ്ണ സമയങ്ങളിൽ വാഹനങ്ങളുടെ സംരക്ഷണത്തിന്​ പാർക്കിങ്​ ഷേഡുകളുടെ ആവശ്യകത വർധിച്ചതും വീടുകളിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നതും പരിഗണിച്ചതായും ആർ.ടി.എ അധികൃതർ അറിയിച്ചു.

പാർക്കിങ്​ ഷേഡുകൾക്ക്​ അനുമതി ലഭിക്കണമെങ്കിൽ പരിസരങ്ങളിൽ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുകയോ കാൽനട യാത്രക്കാർക്ക്​ പ്രയാസമുണ്ടാക്കുകയോ റോഡ്​ സുരക്ഷക്ക്​ ഭീഷണി ഉയർത്തുകയോ ചെയ്യുന്നില്ലെന്ന്​ ഉറപ്പാക്കണം. കൂടാതെ ട്രാഫിക്​ സിഗ്​നലുകൾക്ക്​ തടസ്സം സൃഷ്ടിക്കാനും പാടില്ല​. നടപ്പാതകൾക്കും പാർക്കിങ്​ മേഖലകൾക്കും താഴെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ഒരു തരത്തിലും ബാധിക്കരുതെന്നും, ആർ.‌ടി.‌എ അംഗീകരിച്ച ഡിസൈൻ, നിറം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

അടിയന്തര സാഹചര്യങ്ങൾ, വികസന പ്രവർത്തനങ്ങൾ, അറ്റകുറ്റ പണികൾ എന്നിവ ന​ടത്തേണ്ട സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അതോറിറ്റികളുടെ ശിപാർശക്ക്​ വിധേയമായി പിഴുതു മാറ്റാൻ കഴിയുന്ന രീതിയിൽ പാർക്കിങ്​ ഷേഡുകൾ താൽകാലികമായി മാത്രമേ നിർമിക്കാൻ അനുവദിക്കൂകയുള്ളൂവെന്ന്​ ആർ.ടി.എയുടെ ട്രാഫിക്​ ആൻഡ്​ റോഡ്​സ്​ ഏജൻസി റൈറ്റ്​ ​ഓഫ്​ വേ ഡയറക്ടർ ആരിഫ്​ ശാക്രി പറഞ്ഞു. ദുബൈയെ ലോകത്തെ ഏറ്റവും മനോഹരവും വികസിതവുമായ നഗരമാക്കി മാറ്റുന്നതിലുള്ള പങ്കാളികൾ എന്ന നിലയിൽ സ്വന്തം പങ്ക്​ നിർവഹിക്കാൻ ശ്രമിക്കണമെന്ന്​ പുതുതായി വീട്​ നിർമിക്കുന്നവരോടും ആഗ്രഹിക്കുന്നവരോടും അദ്ദേഹം അഭ്യർഥിച്ചു.

Show Full Article
TAGS:parking sheds Dubai Road Transport Authority dubai parking 
News Summary - Parking sheds in homes in Dubai also require permission
Next Story