Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘പൈലറ്റ്​ സ്മിത്...

‘പൈലറ്റ്​ സ്മിത് മച്ചാർ യു.എ.ഇയുടെ അഭിമാനം’; ആശുപത്രിയിലെത്തി സന്ദർശിച്ച്​ ശൈഖ്​ ഹംദാൻ

text_fields
bookmark_border
‘പൈലറ്റ്​ സ്മിത് മച്ചാർ യു.എ.ഇയുടെ അഭിമാനം’; ആശുപത്രിയിലെത്തി സന്ദർശിച്ച്​ ശൈഖ്​ ഹംദാൻ
cancel

ദുബൈ: ഇന്ത്യൻ പൈലറ്റ്​ സ്മിത് മച്ചാർ രാജ്യത്തിന്‍റെ അഭിമാനമാണെന്നും സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും നാടായ യു.എ.ഇയുടെ ചരിത്രത്തിന്‍റെ ഭാഗമാണ് അദ്ദേഹമെന്നും ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ഫ്ലൈദുബൈ വിമാനത്തിലുണ്ടായ അനിഷ്ട സംഭവങ്ങൾക്കിടെ പരിക്കേറ്റ സ്മിത് മച്ചാറിനെ ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശിക്കുകയായിരുന്നു ദുബൈ കിരീടാവകാശി.

ഗുരുതര പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കാനും വൻദുരന്തം ഒഴിവാക്കാനും ധീരമായി പോരാടിയ പൈലറ്റിന്‍റെ ഉത്തരവാദിത്തബോധത്തെയും ധീരതയെയും ശൈഖ്​ ഹംദാൻ അഭിനന്ദിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും എമിറേറ്റ്സ് ഗ്രൂപ്​ ചെയർമാനുമായ ശൈഖ്​ അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമും സന്ദർശന വേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സെപ്റ്റംബർ 30ന് ദുബൈയിൽനിന്ന് തെൽ അവീവിലേക്ക് പോവുകയായിരുന്ന എഫ്​.ഇസഡ്​ 1073 വിമാനത്തിലാണ് അക്രമ സംഭവം നടന്നത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനത്തിന്‍റെ കോക്പിറ്റിനുള്ളിൽ വെച്ച് കോ-പൈലറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനത്തിന്‍റെ പൂർണ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

വിമാനത്തിലുണ്ടായത് കോ-പൈലറ്റിന്‍റെ ഭീകരാക്രമണ ശ്രമമാണെന്ന് യു.എ.ഇ അധികൃതർ ശനിയാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ക്യാപ്റ്റൻ സ്മിത് മച്ചാർ കാണിച്ച ധീരത അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ നേടി.

പൈലറ്റിന്‍റെ പ്രഫഷനലിസത്തെയും ധാർമിക ബോധത്തെയും യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാശ്​ പ്രശംസിച്ചു. സ്മിത് മച്ചാർ യഥാർഥ നായകനാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംഭവത്തെ നിസ്സാരവത്കരിക്കരുതെന്നും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് പിന്നാലെ പോകരുതെന്നും ഓർമിപ്പിച്ചു. തീവ്രവാദത്തിനും വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സഹായിച്ച വിമാന ജീവനക്കാർക്കും യാത്രക്കാർക്കും ഫ്ലൈദുബൈ സി.ഇ.ഒ ഗെയ്ത് അൽ ഗെയ്ത് നന്ദി അറിയിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

സ്മിത് മച്ചാറിനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരവറിയിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം കാണിച്ച അചഞ്ചലമായ നിശ്ചയദാർഢ്യം ഇന്ത്യക്ക്​ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്യാപ്റ്റൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കഴിഞ്ഞ ദിവസം അദ്ദേഹവുമായി വിഡിയോ കോളിൽ സംസാരിക്കവേ മോദി ആശംസിച്ചു.

Show Full Article
TAGS:sheikh hamdan flyDubai Pilot UAE 
News Summary - Pilot Smith Machar is pride of UAE, says Sheikh Hamdan after hospital visit
Next Story