2026നെ കുടുംബ വർഷമായി പ്രഖ്യാപിച്ച് പ്രസിഡന്‍റ്
text_fieldsഅബൂദബിയിൽ നടന്ന സർക്കാർ വാർഷിക യോഗത്തിൽ പങ്കെടുക്കുന്ന പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
ദുബൈ: 2026നെ കുടുംബ വർഷമായി പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. യു.എ.ഇയിൽ ജീവിക്കുന്ന വിവിധ സമൂഹങ്ങളുടെയും പൗരൻമാരുടെയും താമസക്കാരുടെയും അവബോധം ഏകീകരിക്കുന്നതിനൊപ്പം ഇമാറാത്തി കുടുംബങ്ങളുടെ വളർച്ചക്കായുള്ള ദേശീയ അജണ്ടയുടെ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കുടുംബ വർഷാചരണത്തിന്‍റെ ലക്ഷ്യം.
അബൂദബിയിൽ നടന്ന സർക്കാർ വാർഷിക യോഗങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ദേശീയ കുടുംബ വളർച്ച അജണ്ട 2031’ലാണ് പ്രസിഡന്‍റ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഫെഡറൽ, സ്വയംഭരണ അതോറിറ്റികളിൽ നിന്നുള്ള നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തിരുന്നു. പുതിയ അജണ്ട കൈവരിക്കുന്നതിനായി, കുടുംബ വളർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 20 ലധികം തദ്ദേശ സ്വയംഭരണ, ഫെഡറൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഒരു ദേശീയ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്. പുതിയ നയങ്ങൾ, പദ്ധതികൾ, പെരുമാറ്റ ഇടപെടലുകൾ, പ്രത്യുൽപാദന ആരോഗ്യം എന്നീ മൂന്നു വിഷയങ്ങളിലായിരിക്കും ഈ ദൗത്യസംഘം ശ്രദ്ധകേന്ദ്രീകരിക്കുക.
ശക്തവും സമ്പന്നവുമായ സമൂഹത്തിന്‍റെ അടിസ്ഥാന ശിലയെന്ന നിലയിൽ കുടുംബങ്ങളുടെ ഐക്യവും ശക്തമായ ബന്ധങ്ങളും കാത്തു സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഉയർത്തിക്കാണിക്കുകയെന്നതാണ് കുടുംബ വർഷാചരണത്തിന്‍റെ പ്രധാന ലക്ഷ്യം. യു.എ.ഇ സമൂഹത്തിന്‍റെ സവിശേഷതയായ പരസ്പര സഹകരണം, ആശയവിനിമയം, ഐക്യം എന്നിവയുടെ ആധികാരിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലും അവ സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്ക് കൈമാറുന്നതിലും കുടുംബങ്ങൾ വഹിക്കുന്ന പങ്ക് കുടുംബ വർഷാചരണത്തിലൂടെ ഉയർത്തിക്കാണിക്കും.
ദേശീയ സുരക്ഷ, അസ്തിത്വം, നിലനിൽപ്പ്, രാജ്യത്തിന്‍റെ ഭാവി എന്നിവയുമായാണ് ഇമാറാത്തി കുടുംബ വളർച്ച ബന്ധപ്പെട്ടിരിക്കുന്നതെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. കുടുംബം, അതിന്‍റെ സ്ഥിരത, ശക്തി എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്‍റെ സമൃദ്ധിക്കും സ്ഥിരതക്കും അടിസ്ഥാന ശിലയായതിനാൽ അതിന്‍റെ വളർച്ചയാണ് ദേശീയ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബമാണ് ശക്തമായ ഏത് സമൂഹത്തിന്‍റെയും അടിത്തറയെന്ന രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ വാക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015ൽ സർക്കാർ എമിറേറ്റുകളുടെ വർഷം പ്രഖ്യാപിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2025നെ സമൂഹ വർഷമായി പ്രഖ്യാപിച്ചിരുന്നു.


