മഴ: റാക് പൊലീസ് കൈകാര്യം ചെയ്തത് 20,939 കോളുകൾ
text_fieldsറാസല്‍ഖൈമ: അസ്ഥിര കാലാവസ്ഥ സമയങ്ങളിൽ സഹായത്തിനും അന്വേഷണത്തിനുമായി എത്തിയ 20,939 കോളുകള്‍ അതിവേഗത്തിൽ കൈകാര്യം ചെയ്തതായി റാക് പൊലീസ് അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ 28 വരെ കോളുകൾ എത്തിയതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സഈദ് അല്‍ മന്‍സൂരി അറിയിച്ചു.
ശക്തമായ കാറ്റിനൊപ്പം എത്തിയ കനത്ത മഴയില്‍ എമിറേറ്റിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനിടയാക്കിയിരുന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷയും ഉറപ്പാക്കുകയും റോഡുകളിലും തെരുവുകളിലും ഗതാഗതം സുഗമമായി നിലനിര്‍ത്തുന്നതിനും റാക് പൊലീസ് വിപുലമായ ഇടപെടലാണ് നടത്തിയത്.
ഓപ്പറേഷന്‍ റൂമിലെ പ്രത്യേക ടീമുകള്‍ ഓരോ കോളുകളും അധികാര പരിധിയനുസരിച്ചുള്ള വിവിധ കേന്ദ്രങ്ങൾക്ക് കൈമാറുകയും പ്രശ്നം പരിഹരിക്കുന്നതുവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.


