ഇറാനിയൻ പൗരന്മാർക്ക് യു.എ.ഇ പ്രവേശനത്തിന് നിയന്ത്രണം; ഗോൾഡൻ വിസ കൈവശമുള്ളവർക്ക് ഇളവ്
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈദുബൈ, ഇത്തിഹാദ് എയർവേയ്സ് എന്നിവ ഇറാനിയൻ പാസ്പോർട്ട് കൈവശമുള്ള യാത്രക്കാരുടെ പ്രവേശന, ട്രാൻസിറ്റ് നിയമങ്ങൾ പുതുക്കി. നിലവിൽ ഇറാനിയൻ പൗരന്മാർക്ക് യു.എ.ഇയിൽ പ്രവേശിക്കാനും ട്രാൻസിറ്റ് ചെയ്യാനും നിലവിൽ അനുമതിയില്ലെന്ന് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഗോൾഡൻ വിസ കൈവശമുള്ളവർക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.
യു.എ.ഇ പൗരന്റെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ, യു.എ.ഇ പൗരത്വമുള്ള സ്ത്രീയുടെ മക്കൾ, കായികതാരങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എൻജിനീയർമാർ, നിക്ഷേപകർ, മുതിർന്ന പ്രഫഷണലുകൾ, വ്യാപാരികൾ തുടങ്ങിയവർക്ക് പ്രവേശനത്തിനും ട്രാൻസിറ്റിനും അനുമതി ലഭ്യമാണെന്ന് എമിറേറ്റ്സ് പുറത്തിറക്കിയ യാത്ര അപ്ഡേറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ ഒരു മാസമായി യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ പരിമിതമായാണ് സർവിസ് നടത്തുന്നത്. ഷെഡ്യൂളുകൾ കുറച്ച് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ 250 ലധികം നഗരങ്ങളിലേക്ക് സർവിസുകൾ തുടരുന്നുണ്ട്.


