ഏഷ്യൻ ഫുട്ബാൾ മൈതാനത്ത് സൗദി ക്ലബ്ബുകളുടെ പടയോട്ടം
text_fieldsജിദ്ദയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ഫൈനലിൽ അൽ അഹ്ലി കിരീടം ചൂടിയപ്പോൾ
റിയാദ്: ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെൻറായ ‘എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ’ മികച്ച പ്രകടനം കാഴ്ചവെച്ച സൗദി അറേബ്യയിലെ മൂന്ന് പ്രമുഖ ക്ലബ്ബുകൾ ചേർന്ന് വൻ തുക സമ്മാനമായി സ്വന്തമാക്കി. അൽ അഹ്ലി, അൽ ഇത്തിഹാദ്, അൽ ഹിലാൽ എന്നീ ടീമുകൾ ചേർന്ന് ആകെ 1.61 കോടി ഡോളർ (ഏകദേശം 135 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് ഈ സീസണിൽ ടൂർണമെൻറിൽ നിന്ന് നേടിയത്.
അൽ അഹ്ലിയുടെ പടയോട്ടം
ഈ വലിയ നേട്ടത്തിൽ ഏറ്റവും കൂടുതൽ പണം സ്വന്തമാക്കിയത് അൽ അഹ്ലി ക്ലബ്ബാണ്. ജിദ്ദയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ജപ്പാൻ ടീമായ മച്ചിഡ സെൽവിയയെ 1-0 എന്ന ഗോൾ നിലയിൽ തോൽപ്പിച്ചാണ് അൽ അഹ്ലി ഏഷ്യൻ കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ കിരീടം നിലനിർത്തിയ ഇവർക്ക് 1.25 കോടി ഡോളറാണ് (ഏകദേശം 105 കോടി രൂപ) സമ്മാനമായി ലഭിച്ചത്. മറ്റു രണ്ട് പ്രമുഖ ടീമുകളായ അൽ ഇത്തിഹാദും അൽ ഹിലാലും കിരീടം നേടിയില്ലെങ്കിലും മികച്ച പോരാട്ടം കാഴ്ചവെച്ചതിലൂടെ വലിയ തുകകൾ സ്വന്തമാക്കിയിട്ടുണ്ട്: ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനൽ (എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ഘട്ടം) വരെ എത്തിയ അൽ ഇത്തിഹാദിന് 19 ലക്ഷം ഡോളർ (ഏകദേശം 16 കോടി രൂപ) ലഭിച്ചു. ജപ്പാൻ ടീമിനോട് തോറ്റാണ് ഇവർ പുറത്തായത്.
പ്രീ-ക്വാർട്ടർ ഫൈനലിൽ (16 ടീമുകളുടെ ഘട്ടം) ഖത്തർ ടീമായ അൽ സദ്ദിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ നിർഭാഗ്യവശാൽ പരാജയപ്പെട്ട് പുറത്തായ അൽ ഹിലാലിന് 17 ലക്ഷം ഡോളർ (ഏകദേശം 14 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൗദി ക്ലബ്ബുകൾ ലോക ഫുട്ബാളിൽ എത്രത്തോളം വളരുന്നു എന്നതിെൻറ സൂചനയാണ് ഈ വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നത്.


