സ്കൂൾ തുറക്കൽ; രക്ഷിതാക്കളായ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവുകൾ
text_fieldsദുബൈ: പുതിയ അധ്യയന വർഷത്തിൽ കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ ഭാഗമായി ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനങ്ങളിൽ രക്ഷിതാക്കളായ ജീവനക്കാർക്ക് സൗകര്യപ്രദമായി ഓഫീസിലെത്താനും മടങ്ങാനും സഹായകമാകുന്ന രീതിയിലാണ് ഇളവുകൾ.
ഫ്ലെക്സിബിൾ വർക്ക് പോളിസി പ്രകാരം ജീവനക്കാർക്ക് ദിവസേന പരമാവധി മൂന്ന് മണിക്കൂർ വരെ ജോലി സമയത്തിൽ ഇളവ് ലഭിക്കും. പ്രൈമറി സ്കൂളുകളിലും അതിന് മുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.നേഴ്സറികളിലും കിന്‍റർഗാർട്ടനുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിലുടനീളം ഈ സമയ ക്രമീകരണത്തിന് അനുവാദമുണ്ട്. വ്യത്യസ്ത കരിക്കുലങ്ങൾ പിന്തുടരുന്ന സ്കൂളുകൾ തുറക്കുന്ന തീയതികളിലെ വ്യത്യാസവും ജീവനക്കാരുടെ ആവശ്യാനുസരണം പരിഗണിക്കും.
സ്കൂളുകളിൽ നടക്കുന്ന പി.ടി.എ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ബിരുദദാന ചടങ്ങുകൾ പോലുള്ള മറ്റ് പ്രത്യേക പരിപാടികളിൽ പങ്കെടുക്കാനും ജീവനക്കാർക്ക് ഇളവ് അപേക്ഷിക്കാം.


