ജീവിതസാഫല്യം ഒറ്റയ്ക്കൊരുനാൾ
text_fields‘ഒറ്റയ്ക്കൊരാൾ’ കഥാസമാഹാരവുമായി
ബിബിൻ രാമദാസ്
ഷാർജ: പതിനാലു വർഷത്തെ പ്രയത്നം പൂർത്തിയാക്കിയതിന്റെ അടങ്ങാത്ത സന്തോഷത്തിലാണ് തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ബിബിൻ രാമദാസ്. 14 കഥകളുടെ സമാഹാരമാണ് ‘ഒറ്റയ്ക്കൊരാൾ’.
ദുബൈയിലെ ഫർണിച്ചർ കമ്പനിയിലെ ജീവനക്കാരനായ ബിബിൻ രാമദാസ് തന്റെ സ്വപ്നം പൂർത്തീകരിച്ച് പുസ്തക പ്രകാശനത്തിന് തയാറായിരിക്കെയാണ് ജോലി സംബന്ധമായി ചില ബുദ്ധിമുട്ടുകൾ വന്നത്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ തന്റെ പുസ്തകം പ്രകാശനം ചെയ്യണമെന്ന മോഹം നേരത്തേ തന്നെ ജോലി ചെയ്യുന്ന സ്ഥാപന അധികൃതരെ അറിയിച്ചിരുന്നു. അപ്രതീക്ഷിതമായി കമ്പനിക്ക് വലിയ പ്രോജക്ട് ലഭിച്ചതിനാൽ പുസ്തകമേളയുടെ സമയത്ത് ബിബിന് അവധി അനുവദിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ വലിയൊരു സംഭവത്തിന് ഈ തീരുമാനം വിലങ്ങുതടിയാകുമെന്ന് കണ്ട ബിബിൻ പുസ്തകമേളയുടെ ഭാഗമാകാൻ ജോലി ഉപേക്ഷിക്കുകയായിരുന്നു.
ഓരോ കഥകളെയും പരസ്പരം ബന്ധപ്പെടുത്തിയാണ് പുസ്തകം ബിബിൻ ഒരുക്കിയിരിക്കുന്നത്. ഈ സമാഹാരത്തിലെ യക്ഷിയും ചിത്രകാരനും എന്ന കഥക്ക് 2024ൽ സമസ്യ പ്രവാസി കഥ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 14 വർഷത്തിനിടെ ബിബിൻ എഴുതിയ 52 കഥകളിൽനിന്ന് തിരഞ്ഞെടുത്തവയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച രാത്രി 9.30ന് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും.