അക്ഷരങ്ങളുടെ വെൺമയിൽ ഷാർജ എക്സ്പോ സെൻറർ
text_fieldsഷാർജ പുസ്തകോത്സവത്തിനൊരുങ്ങിയ എക്സ്പോ സെൻറർ
ഷാർജ: അക്ഷരങ്ങളുടെ വെളിച്ചവും വാക്കുകളുടെ സുഗന്ധവും നിറഞ്ഞൊഴുകുകയാണ് ഷാർജ അൽതാവൂനിലെ വേൾഡ് എക്സ്പോ സെൻററിൽ. 11 ദിവസം നീളുന്ന പുസ്തകോത്സവത്തിനായി ആധുനിക സുരക്ഷാ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകോത്സവത്തിലെ ശ്രദ്ധേയമായ ഇന്ത്യൻ പവലിയനിൽ േശ്രഷ്ഠ മലയാളം നിറഞ്ഞൊഴുകുകയാണ്. പവലിയനുകളുടെ നിർമാണങ്ങളെല്ലാം പൂർത്തിയായി പുസ്തകങ്ങൾ നിരത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരും പ്രസാധകരുമെല്ലാം എത്തിക്കഴിഞ്ഞിട്ടുണ്ട്. നേരിട്ടുള്ള സന്ദർശനത്തിന് നിബന്ധനകൾ ഒന്നും ഇല്ലാത്തത് ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാക്കും.
വഴി പറഞ്ഞുതരാം
ഉത്സവനഗരിയിലേക്കുള്ള പ്രധാന വഴി ദുബൈ, ഷാർജ ഹൈവേയായ അൽ ഇത്തിഹാദ് റോഡാണ്. അല്‍ഖാൻ, അല്‍ നഹ്ദ റോഡുകളും ഉപയോഗിക്കാവുന്നതാണ്. അജ്മാനില്‍നിന്ന് റോളവഴി വരുന്ന അല്‍ അറൂബ റോഡിലൂടെയും ഇവിടെ എത്താം. ബുഹൈറ കോർണിഷ്, മീന റോഡിലൂടെയും എത്താം. എന്നാല്‍, ബുഹൈറ റോഡിനെ അല്‍ ഇന്തിനഫാദ (ലുലുവിന് മുന്നിലൂടെ പോകുന്ന റോഡ്) റോഡ് വഴി അല്‍ ഖാൻ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഒരുകാരണവശാലും ഉപയോഗിക്കരുത്, 400 ദിർഹമാണ് പിഴ.
മെട്രോയിലും ബസിലും വരാം
ദുബൈ മെട്രോയിലും ഇൻറർസിറ്റി ബസിലും ഇവിടെ എത്താം. അല്‍ ഗുബൈബ, കറാമ, സത് വ, ഇത്തിഹാദ്, റാഷിദിയ എന്നിവിടങ്ങളില്‍നിന്ന് ഷാർജയിലേക്കുള്ള ബസുകളില്‍ വന്ന് അന്സാർമാളിന് സമീപത്ത് ഇറങ്ങി, നടപ്പാലം കടന്നാൽ അൽ താവൂനിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ. 301ാം നമ്പർ ബസ് കിട്ടിയില്ലെങ്കിൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് ദുബൈ അൽ നഹ്ദയിലെ സഹാറ സെൻററിന് സമീപത്തേക്ക് പോകുന്ന എഫ് 24ാം നമ്പർ ബസില്‍ കയറുക. സഹാറ സെൻററിന് സമീപത്തിറങ്ങിയാല് ഷാർജ ടാക്സി ലഭിക്കും. 12 ദിർഹമിന് പൂരപ്പറമ്പിലെത്താം. നോല്‍ കാർഡാണ് ബസിൽ ഉപയോഗിക്കേണ്ടത്. റെഡ് ലൈനിൽ വരുന്നവരാണെങ്കിൽ എമിറേറ്റ്സ് സ്റ്റേഷനില്‍ ഇറങ്ങുക. ഇവിടെ നിന്ന് 24ാം നമ്പർ ബസ് കിട്ടും. അല്‍ നഹ്ദ ഒന്നിലെ ആദ്യ സ്റ്റോപ്പില്‍ ഇറങ്ങി, അൻസാർ മാളിന് സമീപത്തെ നടപ്പാലം കടന്നാൽ അക്ഷരനഗരിയിലെത്താം.
അബൂദബിയില്‍ നിന്നാണെങ്കിലോ
അബൂദബിയില്‍നിന്ന് പൊതുമേഖല ബസിലാണ് വരുന്നതെങ്കില്‍ ഇത്തിഹാദ് റോഡിലെ അന്സാനർ മാളിന് സമീപത്ത് ഇറങ്ങിയാല്‍ മതി. നടപ്പാലം മുറിച്ചുകടന്നാല്‍ ആരോടുചോദിച്ചാലും എക്സ്പോ സെൻറർ പറഞ്ഞുതരും.
വടക്കന്‍ എമിറേറ്റുകാർക്കോ
ഖോർഫ്ക്കാന്, ഫുജൈറ, കല്‍ബ, മസാഫി, ബിത്ത്ന, ദഫ്ത്ത, മനാമ, സിജി, ദൈദ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവർക്ക് ഖോർഫിക്കാനിൽനിന്ന് ഫുജൈറ വഴി വരുന്ന 116ാം നമ്പർ ഷാർജ ബസ് ലഭിക്കും. രാവിലെ 5.45 മുതല്‍ രാത്രി 11.45വരെ 14 ട്രിപ്പാണ് ഈ റൂട്ടിലുള്ളത്. ജുബൈല്‍ സ്റ്റേഷനിലാണ് എത്തുക. ഇവിടെ നിന്ന് ഷാർജയുടെ ഒമ്പതാം നമ്പർ ബസില്‍ കയറിയാൽ എക്സ്പോ സെൻററിന് മുന്നിൽ ഇറങ്ങാം. അജ്മാനില്‍നിന്ന് ബസ് നമ്പർ 112, ഹംറിയ ഫ്രീസോണ്‍ ഭാഗത്ത് നിന്ന് നമ്പർ 114, റാസൽഖൈമയില്‍നിന്ന് 115, ഹത്തയില്നിന്ന് റൂട്ട് നമ്പർ 16 എന്നിവയാണ് സർവിസ് നടത്തുന്നത്. മറ്റ് എമിറേറ്റുകളിലെ പൊതുമേഖല ബസുകളും ഷാർജയിലെത്തുന്നുണ്ട്. രാത്രി 11വരെ ഇത് ലഭിക്കും.
കേരളഭക്ഷണം കിട്ടുമോ
എക്സ്പോ സെൻററിന് സമീപത്തെ നെസ്റ്റോ ഹൈപർ മാർക്കറ്റിൽ ഭക്ഷണ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ബിരിയാണി, കപ്പ, ചപ്പാത്തി, പൊറാട്ട, ബീഫ്, ചിക്കന്‍, പച്ചക്കറി, മീൻകറി, പൊരിക്കടികള് എന്നിവ കിട്ടും. ഇവിടെ നിന്ന് വാങ്ങി രണ്ടാം നിലയില്‍ പോയിരുന്ന് സ്വസ്ഥമായി കഴിക്കാം. ശുചിമുറികളും നമസ്കരിക്കാനുള്ള സൗകര്യവും ഈ നിലയിലുണ്ട്. എക്സ്പോ സെൻറർ റൗണ്ടെബൗട്ടിന് എതിർവശത്ത് രണ്ട് കേരള റസ്റ്റാറൻറുകൾ പ്രവർത്തിക്കുന്നുണ്ട്. അല്‍ താവൂൻ റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധിച്ചുവേണം. റോഡ് മുറിച്ചുകടക്കാതെ നാടന്‍ ചായ കുടിക്കാന്‍ അഡ്നോക്ക് പെട്രോള്‍ പമ്പിലുള്ള കഫറ്റീരിയയില്‍ പോയാൽ മതി.