ഷാർജയിൽ ഇമാമിനും മുഅദ്ദിനും സർക്കാർ പദവി
text_fieldsശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷാർജ: എമിറേറ്റിലെ പള്ളികളിലെ ഇമാം, മുഅദ്ദിൻ എന്നിവരെ സർക്കാർ ജീവനക്കാരായി പരിഗണിക്കാൻ നിർദ്ദേശം.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഷാർജ സർക്കാരിന്‍റെ ജനറൽ സ്റ്റാഫ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതോടെ സർക്കാർ ജീവനക്കാരുടെ പദവികളും ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും.
സ്ഥാനക്കയറ്റം, ആരോഗ്യ ഇൻഷുറൻസ്, ജോലിയുടെ സ്വഭാവം പരിഗണിച്ച് 3000 ദിർഹത്തിന്‍റെ വർക്ക് നേച്ചർ അലവൻസ് എന്നിവയും അനുവദിക്കും. നിയമാനുസൃതമായ അവധി ദിനങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ ഇസ്‌ലാമിക കാര്യവകുപ്പിന്‍റെ സഹകരണത്തോടെ ലീവ് സറണ്ടർ അനുവദിക്കാനും നിർദ്ദേശമുണ്ട്.
പള്ളികളിൽ സേവനം ചെയ്യുന്ന ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും പങ്കിനെ അംഗീകരിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.


